നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു; വിശദീകരണം തേടി ഫെഫ്ക

','

' ); } ?>

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടി എടുക്കുമെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവമുണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാന്‍ സാധിക്കില്ലെന്നാണ് പരിപാടിയ്ക്ക് എത്തിയ അനില്‍ രാധാകൃഷ്ണ മേനോന്‍ സംഘാടകരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ച ബിനീഷിനോട് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം വേദിയില്‍ എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ അറിയിച്ചു.

കോളേജിലെ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഈ കാര്യം താരത്തോട് പറഞ്ഞത്. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്ത ബിനീഷ് നേരെ വേദിയിലെത്തി നിലത്തിരുന്നു പ്രതിഷേധിച്ചു. ഒരു മൂന്നാംകിട നടനായ എനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്, വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിനീഷിനെ തടയാന്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റിയാണ് ബിനീഷ് സ്‌റ്റേജില്‍ കയറി പ്രതിഷേധിച്ചത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ അനില്‍ രാധാകൃഷ്ണ മേനോനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.