
‘ഉപ്പും മുളകും’ സിറ്റ്കോമിൽ നിന്നും മാറിനിന്നത് തന്റെ സിനിമാജീവിതത്തിന് പുതിയ വഴിതുറന്നുവെന്ന് നടൻ ബിജു സോപാനം. പരമ്പരയിൽ നിന്നും ഇടവേള എടുത്തതോടെ കൂടുതൽ സിനിമകളിൽ സജീവമാകാൻ സാധിച്ചെന്നും നിലവിൽ ഏഴ് സിനിമകൾ പൂർത്തിയാക്കിയതായും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പരമ്പരയുടെ ഷൂട്ടിങ് തിരക്കുകൾ കാരണം മുൻപ് മാസത്തിൽ പത്ത് ദിവസത്തിൽ കൂടുതൽ സിനിമകൾക്കായി മാറ്റിവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പരമ്പര നിർത്തിയതോടെ സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതായും ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സീരിയലിന്റെ പുനഃസംപ്രേക്ഷണം കാണുന്ന ആരാധകർ താൻ ഇപ്പോഴും അതിൽ അഭിനയിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നും ബിജു സോപാനം കൂട്ടിച്ചേർത്തു.
സിറ്റ്കോമുകൾ അഭിനയത്തിന് മികച്ച പ്ലാറ്റ്ഫോം ആണെങ്കിലും തൽക്കാലം സിനിമകളിൽ മാത്രമാണ് ശ്രദ്ധയെന്നും പരമ്പരയിലേക്ക് തിരികെ വരാതിരിക്കുകയല്ല, മറിച്ച് ഒരു ഇടവേള എടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബിജു സോപാനത്തിന്റെ വാക്കുകൾ;
”കുറച്ച് മാറി നിൽക്കേണ്ട അവസ്ഥ വന്നു. അത് നന്നായി. കാരണം സിനിമയിൽ ശ്രദ്ധിക്കാൻ തുടങ്ങി. സിറ്റ്കോം ചെയ്തിരുന്നപ്പോഴും സിനിമയിൽ ഉണ്ടായിരുന്നു. പക്ഷേ, മാസത്തിൽ 10 ദിവസത്തിൽ കൂടുതൽ എന്നെക്കാെണ്ട് സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം ഞാൻ ചെയ്യുന്ന പ്രോഗ്രാമിന് മാസം 20 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. അഡ്ജസ്റ്റ് ചെയ്താണ് അത്രയും സിനിമകൾ ചെയ്തത്. സിനിമയിൽ കുറേക്കൂടി ശ്രദ്ധിക്കണമെങ്കിൽ ആ മേഖല വിടണം. ഇപ്പോൾ ഞാൻ ഏഴ് പടം ചെയ്തു. ഓരോന്നായി റിലീസ് സമയം ആയിക്കൊണ്ടിരിക്കുന്നു. പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു.
സിറ്റ്കോം റീ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ട് പലരുടെയും വിചാരം ഇപ്പോഴും ഞാൻ ആ സീരിയൽ ചെയ്യുന്നുണ്ടെന്നാണ്. അത് ഗുണവുമാണ്. ഇന്നലത്തെ എപ്പിസോഡ് എന്ത് പറ്റി എന്നൊക്കെ ചോദിക്കും. ഞാനത് ഇപ്പോൾ ചെയ്യുന്നില്ല, ഒന്നര വർഷത്തിന് മുകളിലായി നിർത്തിയിട്ട്, പടങ്ങളാണ് ചെയ്യുന്നത് എന്ന് പറയും. സിറ്റ്കോം രസമാണ്. നമ്മളുടെ മനസിലുള്ള വേഷങ്ങളൊക്കെ ചെയ്യാൻ പറ്റിയ പ്ലാറ്റ്ഫോമാണ്. പക്ഷേ, തൽക്കാലം സിനിമകളിലേക്ക് ശ്രദ്ധിക്കാനാണ് തീരുമാനം. ഇനി ചെയ്യുന്നില്ല എന്നല്ല. ഒരു ബ്രേക്ക് എടുക്കുന്നു എന്നു മാത്രം.”
ബിജു സോപാനത്തിനും മറ്റൊരു നടനായ എസ്.പി. ശ്രീകുമാറിനുമെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളെത്തുടർന്നാണ് ഇരുവരും പരമ്പരയിൽ നിന്നും വിട്ടുനിന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും അത് തെളിയിക്കുമെന്നും ഇരുവരും നേരത്തെ പ്രതികരിച്ചിരുന്നു.