‘ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം’- ലാല്‍ജോസ്

മലയാളികളുടെ പ്രിയതാരം ബിജു മേനോനെകുറിച്ച് വാചാലനായി സംവിധായകന്‍ ലാല്‍ ജോസ്. താന്‍ സംവിധായകനാവുന്നതിന് മുന്‍പ് പരിചയപ്പെട്ട നടന്‍ ബിജു മേനോനാണെന്നാണ് ലാല്‍ ജോസ് പറയുന്നത്. അതുപോലെ ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയുടെ സെറ്റിലെ ഐശ്വര്യവും താരമാണെന്നും അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്. അതിനൊപ്പം ലൊക്കേഷനില്‍ നിന്നും പാട്ട് പാടുന്ന ബിജു മേനോന്റെ രസകരമായ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ്.

ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1991 ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍… ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍.ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു.. സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍.. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് … ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം