ഹര്‍ബജന് നായികയായി ബിഗ്‌ബോസ് താരം ലോസ്ലിയയും ; ഫ്രണ്ട്ഷിപ്പിന് മധുരം ഇരട്ടിക്കും

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രത്തില്‍ ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും. ഹര്‍ഭജന്‍ നായകനായി അഭിനയിക്കുന്ന ‘ഫ്രണ്ട്ഷിപ്പ്’ എന്ന ചിത്രത്തിലാണ് തമിഴ് ബിഗ് ബോസ് താരം ലോസ്ലിയ മരിയനേശന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ലോസ്ലിയ കൂടി ചിത്രത്തിലെത്തിയതോടുകൂടി ബിഗ്‌ബോസ്സ് ആരാധകരും ആവേശത്തിലായിരിക്കുകയാണ്. തമിഴ് താരം അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇരട്ടകളായ ജോണ്‍ പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ് ഫ്രണ്ട്ഷിപ്പ് സംവിധാനം ചെയ്യുന്നത്.

ശ്രീലങ്കന്‍ ടിവി ചാനലുകളിലെ അവതാരികയും ന്യൂസ് റീഡറുമായിരുന്ന ലോസ്ലിയ തമിഴ് ബിഗ് ബോസ് പരമ്പരയുടെ മൂന്നാം സീസണിലൂടെയാണ് ശ്രദ്ധേയയാവുന്നത്. തെന്നിന്ത്യയിലെ മറ്റ് വ്യത്യസ്ഥ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്ന് സൂചനകളുണ്ട്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിലുമായി തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും സൂചനകളുണ്ട്. നേരത്തെ ബോളിവുഡ് ചിത്രങ്ങളിലഭിനയിച്ച ഹര്‍ബജന്‍, ഇതാദ്യമായാണ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ഡിക്കിലോണ എന്ന ചിത്രത്തിലും ഹര്‍ബജന്‍ അടുത്തതായി അഭിനയിക്കുന്നുണ്ട്.