
നടൻ ശർവാനന്ദിന്റെ പുതിയ ചിത്രം ‘ഭോഗി’യുടെ റിലീസ് മാറ്റിവച്ചു. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെത്തുടർന്നാണ് തീരുമാനം. നവംബർ 13ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ സെൻട്ടിങ് നടപടികൾ പൂർത്തിയാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) തയ്യാറാകാതെ റിവൈസിങ് കമ്മിറ്റിക്ക് വിട്ടതാണ് അണിയറപ്രവർത്തകർക്ക് തിരിച്ചടിയായത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ട്രെയ്ലർ ലോഞ്ചും പ്രീ-റിലീസ് ഇവന്റും നിർമാതാക്കൾ മാറ്റിവച്ചിരുന്നു. സെൻസർ നടപടികൾ പൂർത്തിയായ ശേഷം ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന ‘ഭോഗി’, 1960കളുടെ തുടക്കത്തിലുള്ള മഹാരാഷ്ട്ര–ആദിലാബാദ് അതിർത്തിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു വലിയ പീരിയഡ് ആക്ഷൻ ഡ്രാമയാണ്. മലയാളി താരം അനുപമ പരമേശ്വരനും ഡിംപിൾ ഹയാതിയുമാണ് ചിത്രത്തിൽ നായികമാരായി വേഷമിടുന്നത്. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.