‘ഭീഷ്മപര്‍വ്വം’ ചിത്രീകരണം പൂര്‍ത്തിയായി

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവ്ദത്ത് ഷാജിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മമ്മൂട്ടി ചിത്രത്തിന് വേണ്ടി കഥയെഴുതാനായത് തന്റെ ഭാഗ്യമാണ്. ഇനി സ്‌ക്രീനില്‍ കാണാമെന്നുമാണ് അദ്ദേഹം കുറിച്ചത്. എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ്ങിന് ശേഷം മമ്മൂട്ടി സംവിധായിക രത്തീനയുടെ പുഴുവില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദ പ്രിസ്റ്റ്,സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ എന്നി ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.കൊവിഡിനിടെ തീയറ്ററുകള്‍ തുറന്നപ്പോള്‍ സിനിമ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ആശ്വാസമായെത്തിയ സിനിമകളായിരുന്നു ഇവ രണ്ടും.മമ്മൂട്ടി ,പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.