
തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ കൃത്രിമ വെളിച്ചത്തിൽ നിന്നും ചായക്കൂട്ടുകളിൽ നിന്നും മോചിപ്പിച്ച്, പാടവരമ്പുകളിലേക്കും നാട്ടുമ്പുറങ്ങളിലെ മണ്ണിലേക്കും കൂട്ടിക്കൊണ്ടുപോയ വിപ്ലവകാരിയായ ദൃശ്യവിസ്മയമാണ് പി. ഭാരതിരാജ. 70 കളിലെയും 80 പ്രകൃതി ദത്ത ദൃശ്യ വിസ്മയങ്ങൾ വിരൽ നീട്ടുന്നത് അദ്ദേഹത്തിന്റെ സിനിമകളുടെ ആത്മാവിലേക്കാണ്. ചുണ്ടിലെ ബീഡി ഇടംവലം ഓടിക്കുന്ന പരട്ടയെയും, അയാളുടെ കൈകൾ തിരുമ്മി നൽകുന്ന നിഷ്കളങ്കനായ ചാപ്പാണിയെയും. പത്താം ക്ലാസ് പാസായ സന്തോഷത്തിൽ പാടത്തിലൂടെ ഓടിമറയുന്ന മയിലും, പശുവുമായി നടന്നുപോകുന്ന കറുത്തമ്മയും, വഴിയരികിൽ തങ്ങളുടെ കഥകൾ പറഞ്ഞ് നിൽക്കുന്ന ശങ്കരപാണ്ടിയും മുത്തുപ്പേച്ചിയും മൂക്കയ്യനും ബാലുവും എല്ലാം ഭാരതിരാജയെന്ന ചലച്ചിത്രകാരൻ തമിഴ് മണ്ണിൽ നട്ടുപിടിപ്പിച്ച അനശ്വര കഥാപാത്രങ്ങളാണ്.
“എൻ ഇനിയ തമിഴ് മക്കളെ…” എന്ന വികാരനിർഭരമായ ആമുഖത്തോടെ കാണികളെ തന്റെ കഥകളിലേക്ക് ക്ഷണിക്കുന്ന സംവിധായകൻ; അർബൻ സ്റ്റുഡിയോ കേന്ദ്രീകൃതമായിരുന്ന തമിഴ് സിനിമയെ മണ്ണിലേക്കിറക്കിയ ഭാരതിരാജയുടെ ലൊക്കേഷനുകൾ ഗ്രാമങ്ങളിലെ പാടങ്ങളും നടവഴികളും ആറ്റിൻകരകളുമായിരുന്നു. ഗ്രാമീണ ആചാരങ്ങളും തനത് ഭാഷാശൈലിയും സംസ്കാരവും വികാരങ്ങളും വെള്ളിത്തിരയിൽ പകർത്തിയ അദ്ദേഹം, മനുഷ്യർക്കൊപ്പം ആടും മാടും ഓന്തും പല്ലിയും നായയുമൊക്കെ കഥയുടെ ഭാഗമാക്കി മാറ്റി. ഒരു ഗ്രാമവും അവിടുത്തെ ഒരു പ്രണയകഥയും എന്ന ജനപ്രിയ സിനിമാ സമവാക്യത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പെരിയമായതേവരുടെയും കറുത്തമ്മാളിന്റെയും അഞ്ചാമത്തെ സന്തതിയായി.
1941 ജൂലൈ 17ന് തേനിക്കടുത്തുള്ള അല്ലിനഗരത്തിലാണ് ചിന്നസാമി എന്ന ഭാരതിരാജ ജനിച്ചത്. ഗ്രാമത്തിലെ ഉത്സവങ്ങൾക്ക് നാടകങ്ങൾ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യ നാടകം ‘സുമ്മാ ഒരു കാതൽ’ ആയിരുന്നു. 1963-ൽ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ സാനിട്ടറി ഇൻസ്പെക്ടറായി ജോലി ലഭിച്ച കാലത്താണ് പാട്ടിനോട് അടങ്ങാത്ത അഭിനിവേശമുള്ള ഡാനിയൽ രാസയ്യ, അമർസിങ് എന്നീ പാവലർ ബ്രദേഴ്സിനെ അദ്ദേഹം പരിചയപ്പെടുന്നത്. ഈ രാസയ്യയാണ് പിന്നീട് തമിഴ് സിനിമയുടെ സംഗീത സാമ്രാജ്യമായി മാറിയ ഇസൈജ്ഞാനി ഇളയരാജ.
സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയ ചിന്നസാമി ഉപജീവനത്തിനായി ഒരു പെട്രോൾ ബങ്കിൽ ജോലി ചെയ്യുമ്പോഴും സുഹൃത്തുക്കളായ പാവലർ ബ്രദേഴ്സിനെ മറന്നില്ല. മദ്രാസിലെ റംഗനാഥൻ സ്ട്രീറ്റിലെ ചെറിയ താമസസ്ഥലത്തിരുന്ന് അവർ സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് ഒരുമിച്ച് വഴിതേടി. 1967-ൽ പ്രശസ്ത കന്നഡ സംവിധായകൻ എസ്.ആർ. പുട്ടണ്ണ കനഗലിന്റെ സഹസംവിധായകനായതോടെയാണ് ചിന്നസാമി ഭാരതിരാജയായി മാറുന്നത്. പിന്നീട് പി. പുല്ലയ്യ, അവിനാസി മണി, എ. ജഗനാഥൻ എന്നിവർക്കൊപ്പവും, നൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത മലയാളി ചലച്ചിത്രകാരൻ എം. കൃഷ്ണൻ നായരുടെ അസിസ്റ്റന്റായും അദ്ദേഹം പ്രവർത്തിച്ചു. ഈ അനുഭവസമ്പത്തും തന്റെ നാട്ടുജീവിതത്തിന്റെ നേരറിവുകളുമായാണ് ഭാരതിരാജ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
1977-ൽ പുറത്തിറങ്ങിയ ’16 വയതിനിലൈ’ എന്ന ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഒരു പുതിയ അധ്യായമായിരുന്നു. ‘സിന്ദൂര പൂവെ എൻ മന്നൻ എങ്കെ’ എന്ന ജാനകിയമ്മയുടെ ദുഃഖസാന്ദ്രമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ, പൂപ്പാടവും അരുവിയും ഇളകുന്ന ഇലകളും കാണിച്ച്, റെയിൽവേ സ്റ്റേഷനിൽ ആർക്കോ വേണ്ടി കാത്തുനിൽക്കുന്ന മയിലിന്റെ (ശ്രീദേവി) കലങ്ങിയ കണ്ണുകളുടെ ക്ലോസ് അപ്പിലൂടെയാണ് ഭാരതിരാജ തന്റെ സിനിമാ പ്രയാണം ആരംഭിച്ചത്. പഠിച്ച് ടീച്ചറാകാൻ ആഗ്രഹിക്കുന്ന പതിനാറുകാരിയായ മയിലും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന നിഷ്കളങ്കനും
അംഗവൈകല്യമുള്ളവനുമായ ചാപ്പാണിയും (കമലഹാസൻ), മയിലിനെ കാമ കണ്ണുകളോടെ നോക്കുന്ന പരട്ടെയും (രജനീകാന്ത്) തമിഴ് സിനിമയിലെ അതുവരെ നിലനിന്നിരുന്ന നായക-വില്ലൻ സങ്കൽപ്പങ്ങളെ പാടെ തിരുത്തിക്കുറിച്ചു. മുഷിഞ്ഞ വേഷം ധരിച്ച, പാൻ ചവയ്ക്കുന്ന, ദുർബലനായ നായകനെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ചാപ്പാണിയിലൂടെ അദ്ദേഹം തെളിയിച്ചു. സമൂഹം ഗോസിപ്പുകൾ കൊണ്ട് വേട്ടയാടുമ്പോഴും ഒരു സ്ത്രീക്ക് ധീരമായി തലയുയർത്തി ജീവിക്കാമെന്ന് മയിലിലൂടെയും അവളുടെ അമ്മ കുറുവമ്മയിലൂടെയും അദ്ദേഹം കാട്ടിത്തന്നു.

സംസ്ഥാന പുരസ്കാരങ്ങളും ഫിലിംഫെയർ അവാർഡുകളും വാരിക്കൂട്ടിയ ആദ്യ ചിത്രത്തിന് ശേഷം 1978-ൽ ചുകപ്പു റോജാക്കൾ, കിഴക്കേ പോകും റെയിൽ എന്നീ ചിത്രങ്ങളും 1979-ൽ പുതിയ വാർപ്പുകൾ, നിറം മാറാത പൂക്കൾ എന്നീ സിനിമകളും അദ്ദേഹം സമ്മാനിച്ചു. നിഴൽകൾ, അലൈകൾ ഓവതില്ലൈ, ടിക് ടിക് ടിക്, ഒരു കൈതിയിൻ ഡയറി, മുതൽ മര്യാദൈ, കടലോര കവിതൈകൾ, വേദം പുതിയത്, നാടോടിത്തെന്റൽ, കിഴക്ക് ചീമയിലൈ തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളായി മാറി. പ്രണയത്തെ ഒരു ശ്വാസമെന്നോണം സിനിമകളിൽ നിറച്ച ഭാരതിരാജ, ശക്തമായ സാമൂഹിക പ്രസ്താവനകളും തന്റെ സൃഷ്ടികളിലൂടെ നടത്തിയിരുന്നു. ‘മുതൽ മര്യാദൈ’യിൽ പ്രണയം പ്രായത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുമ്പോൾ, 1987-ൽ പുറത്തിറങ്ങിയ ‘വേദം പുതിത്’ എന്ന സിനിമയിൽ അത് ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ ആയുധമായി മാറി. ചിത്രത്തിന്റെ ഒടുവിൽ ജാതി സ്വത്വം ഉടച്ചുകളഞ്ഞ് പൂണൂൽ പുഴയിലെറിയുന്ന ശങ്കരൻ, ജാതി ചിന്തകളുടെ മുഖത്തേറ്റ അടിയായിരുന്നു. ബ്രാഹ്മണ സംഘടനകളുടെ കടുത്ത പ്രതിഷേധം കാരണം സെൻസർ അനുമതി നിഷേധിക്കപ്പെട്ട ഈ ചിത്രം, അന്നത്തെ മുഖ്യമന്ത്രി എം.ജി.ആർ കണ്ട് ഇഷ്ടപ്പെടുകയും റിലീസിന് അനുമതി നൽകുകയും ചെയ്യുകയായിരുന്നു.
തമിഴ് സിനിമയിലെ മഹാരഥന്മാരായ ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ഭാരതിരാജ, കാർത്തിക്, രാധ, രേവതി, രാധിക, വിജയശാന്തി, ജനഗരാജ്, ചന്ദ്രശേഖർ, പാണ്ഡ്യൻ, നെപ്പോളിയൻ തുടങ്ങി നാല് തലമുറകളിലെ നിരവധി പ്രതിഭകളെ സിനിമാലോകത്തിന് സംഭാവന ചെയ്തു. 1980-കളിൽ താൻ സിനിമയിലേക്ക് കൊണ്ടുവന്ന നായികമാർക്കെല്ലാം വൈകാരികമായ കാരണങ്ങളാൽ ‘R’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. പിൽക്കാലത്ത് മാറിയ സിനിമാ സംസ്കാരത്തിനൊപ്പം ‘കിഴക്കു ചീമയിലും’ ‘കറുത്തമ്മയും’ പോലുള്ള ചിത്രങ്ങളിലൂടെ പുതുതലമുറ സംവിധായകരുടെയും പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. യാഥാർത്ഥ്യത്തിന്റെ കാരമുള്ളുകൾ നിറഞ്ഞ അദ്ദേഹത്തിന്റെ സിനിമാശൈലി പിന്നീട് മഹേന്ദ്രൻ, ബാലു മഹേന്ദ്ര, ബാല, ശശികുമാർ, അമീർ, റാം, ചീനു രാമസ്വാമി, വെട്രിമാരൻ തുടങ്ങിയ പുതുതലമുറ സംവിധായകരുടെ റിയലിസ്റ്റിക് കഥപറച്ചിലുകൾക്ക് വഴികാട്ടിയായി. മണിവണ്ണനും ഭാഗ്യരാജും ഭാരതിരാജയുടെ പാരമ്പര്യം നേരിട്ട് പിന്തുടർന്നവരാണ്.
സംവിധായകന് തമിഴ്നാട്ടിൽ വലിയ ജനപ്രീതിയും ആദരവും ലഭിച്ചു തുടങ്ങിയ കാലത്ത്, കെ. ബാലചന്ദറിന് ശേഷം ആരാധകർ നെഞ്ചിലേറ്റിയ സംവിധായകനായിരുന്നു ഭാരതിരാജ. എൺപതുകളിൽ അദ്ദേഹത്തിന് 950-ലധികം ആരാധക സംഘടനകൾ ഉണ്ടായിരുന്നുവെങ്കിലും, ആരാധന ഒരിക്കലും പൂജയായി മാറരുതെന്ന് പറഞ്ഞ് അദ്ദേഹം തന്നെ ആ ഫാൻസ് അസോസിയേഷനുകൾ പിരിച്ചുവിട്ടു. സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവ് കൂടിയായ അദ്ദേഹം മണിരത്നത്തിന്റെ ‘ആയുധ എഴുത്ത്’ എന്ന ചിത്രത്തിലെ സെൽവനായകൻ എന്ന വില്ലൻ വേഷത്തിലൂടെയും ‘കുരങ്ങുബൊമ്മ’, ‘തിരുച്ചിട്രമ്പലം’, ‘മഹാരാജ’ എന്നീ സിനിമകളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ചു. മലയാളത്തിൽ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ ഒരു പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം തിളങ്ങി. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ സമിതിയുടെ ജൂറി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചന്ദ്രലീലാവതിയാണ് ഭാരതിരാജയുടെ ഭാര്യ. ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകൻ മനോജ് ഭാരതിരാജ എന്നിവരാണ് മക്കൾ. മകൻ മനോജിന്റെ അപ്രതീക്ഷിത വിയോഗം ഭാരതിരാജയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. ‘പുലവർ’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം, പുതിയ കാലത്തിന്റെ സിനിമാ ആവിഷ്കാരമായ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഭാരതിരാജ വീണ്ടും സജീവമായി രംഗത്തെത്തിയിരുന്നു. ‘മോഡേൺ ലവ് ചെന്നൈ’ എന്ന ആന്തോളജി പരമ്പരയിലെ ‘പറവൈ കൂട്ടിൽ വാഴും മാനുകൾ’ എന്ന ചിത്രത്തിലൂടെ തന്റെ ഉള്ളിലെ പ്രണയവും ദൃശ്യബോധവും ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഈ എൺപതുകളിലും അദ്ദേഹം തെളിയിച്ചു. അന്തരിച്ച തന്റെ സുഹൃത്ത് ബാലു മഹേന്ദ്രയ്ക്കുള്ള സമർപ്പണമായ ഈ ലഘുചിത്രത്തിൽ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനം പുതിയ പശ്ചാത്തലത്തിൽ പുനഃസൃഷ്ടിച്ചുകൊണ്ട് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 2020-ൽ അദ്ദേഹം അഭിനയിച്ചു സംവിധാനം ചെയ്ത ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രത്തിന് ശേഷവും പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലും പിന്നിലും സജീവമായി തുടർന്നിരുന്നു. പ്രമേയമല്ല, പ്രണയമാണ് ഭാരതിരാജ സിനിമകളുടെ ശ്വാസമെന്ന് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. കവിശ്രേഷ്ഠൻ കണ്ണദാസന്റെ വരികൾ കടമെടുത്താൽ, പ്രകൃതിയും ദൈവവും ഒരുപക്ഷേ മറന്നേക്കാം, എന്നാൽ ഭാരതിരാജയെന്ന ഈ ചലച്ചിത്ര വിസ്മയത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ആസ്വാദക ഹൃദയങ്ങൾ ഒരിക്കലും മറക്കുകയില്ല.