“ആ സ്ത്രീ ഇറങ്ങി വന്ന് എന്റെ മുഖത്തടിച്ചു, ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്നു”; അഞ്ജു ജോസഫ്

','

' ); } ?>

തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് മടങ്ങുന്നതിനിടെ തന്റെ കാർ സ്‌കൂട്ടറിലിടിച്ചെന്നും തുടർന്നുണ്ടായ തർക്കത്തിൽ സ്‌കൂട്ടർ യാത്രികയായ സ്ത്രീ തന്റെ മുഖത്തടിച്ചെന്നും വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്. മനസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു അവസ്ഥയിലാണ് ആ അപകടം സംഭവിച്ചതെന്നും താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലായിരുന്നു അഞ്ജു ജോസഫിന്റെ പ്രതികരണം.

“കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടമായിരുന്നു. അവർ സ്കൂട്ടറിൽ നിന്ന് വീണൊന്നുമില്ല, ചെറുതായൊന്ന് മുന്നോട്ട് ആഞ്ഞു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്തുനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു. ഇതിനിടെയാണ് അപകടം. ഞാൻ കാറിൽ നിന്ന് ഇറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്. ഞാൻ മൊത്തത്തിൽ തകർന്ന് നിൽക്കുകയായിരുന്നു ആ സമയത്ത്. അഞ്ച് മണിക്കൂറോളം എന്റെ തെറാപ്പിസ്റ്റിന്റെ അടുത്ത് നിന്ന് കരഞ്ഞിട്ടാണ് വരുന്നത്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലാണ് പോകുന്നത്. അതിനിടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.” അഞ്ജു ജോസഫ് പറഞ്ഞു.

“അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായിപ്പോയി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി കൂടിനിന്നവർ. അപ്പോഴേക്കും അവർ വണ്ടി എടുത്തുപോയി. എനിക്ക് ആ വണ്ടിയുടെ നമ്പർ ഓർമയില്ല, ആ സ്ത്രീയുടെ മുഖം ഓർമയില്ല, ഒന്നും ഓർമയില്ല. അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാ‍ൻ കടന്നുപോയിട്ടുണ്ട്.” അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റിലെ പ്രശസ്തമായ ‘ഐഡിയ സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഞ്ജു ജോസഫ് ഇന്ന് പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള താരം, മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പലപ്പോഴും തുറന്ന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.