ഭാരതിരാജയുടെ സംസ്കാരച്ചടങ്ങിനിടെ 500 കോടിയുടെ സ്വത്ത് തർക്കം; മകളും മരുമകളായ മലയാളി നടിയും തമ്മിൽ കയ്യാങ്കളി

','

' ); } ?>

തമിഴ് ചലച്ചിത്ര ലോകത്തെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിൽ സ്വത്തുതർക്കത്തെച്ചൊല്ലി പരസ്യമായ കയ്യാങ്കളി നടന്നതായി റിപ്പോർട്ടുകൾ. പൂർണ്ണസംസ്‌ഥാന ബഹുമതികളോടെ തമിഴകം അദ്ദേഹത്തെ യാത്രയാക്കുന്ന വേളയിലാണ്, ചിതയൊരുങ്ങും മുൻപ് തന്നെ 500 കോടിയിലധികം വരുന്ന സ്വത്തുക്കളെച്ചൊല്ലി ഭാരതിരാജയുടെ മകൾ ജനനി ഐശ്വര്യയും മരുമകളും മലയാളിയായ നടിയുമായ നന്ദനയും തമ്മിൽ തർക്കമുണ്ടായത്. തേനിയിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ഒടുവിൽ മർദ്ദനത്തിലാണ് കലാശിച്ചത്. ചടങ്ങുകൾക്കെത്തിയ നൂറുകണക്കിന് ആളുകളുടെ മുന്നിൽ വച്ച് ജനനി ഐശ്വര്യ പരസ്യമായി രോഷപ്രകടനം നടത്തിയപ്പോൾ, ഇത് ഭാരതിരാജയുടെ കീർത്തിക്ക് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞ് നടി രാധിക ശരത്‌കുമാർ അടക്കമുള്ള സിനിമാ പ്രവർത്തകർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്.

ഭാരതിരാജയുടെ മകനും നടനുമായ മനോജ് കുമാർ 2025 മാർച്ചിലാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. മനോജിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ടുപോയ ഭാര്യ നന്ദനയെയും മക്കളായ ആർതിക, മതിവദാനി എന്നിവരെയും നോക്കുക്കുത്തിയാക്കി സഹോദരി ജനനി ഐശ്വര്യ ഭാരതിരാജയുടെ സ്വത്തുക്കൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ ഒരു വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു മനോജിന്റെ കുടുംബം. ഭാരതിരാജ ജീവിച്ചിരുന്നതിനാൽ അദ്ദേഹം ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നന്ദനയും മക്കളും. എന്നാൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചു. നിയമപോരാട്ടത്തിന് മുതിർന്നാൽ നാട്ടിലെ രീതിയനുസരിച്ച് വർഷങ്ങൾ നീളുമെന്നതിനാലാണ് സംസ്കാരച്ചടങ്ങുകൾക്കിടയിൽ നന്ദന സ്വത്തുക്കളെക്കുറിച്ച് ചോദിച്ചതെന്നാണ് സൂചന. എന്നാൽ ഇതിൽ പ്രകോപിതയായ ജനനി നന്ദനയെയും മക്കളെയും മർദ്ദിക്കുകയും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജനനി ഇരിക്കുന്ന കസേരയ്ക്ക് സമീപം വന്ന് നന്ദന സംസാരിക്കുന്നതും, തുടർന്ന് ജനനി അവരെ കയ്യേറ്റം ചെയ്യുന്നതും കാണാം. പെട്ടെന്ന് അവിടെയെത്തിയ നടി രാധിക കൂപ്പുകൈകളോടെ ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു. ഭാരതിരാജയെ പിതാവിനെപ്പോലെ കണ്ടിരുന്ന രാധികയുടെ ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു. കേവലം 15-ാം വയസിൽ രാധികയെ ‘കിഴക്കെ പോകും റെയിൽ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് ഭാരതിരാജയായിരുന്നു. പിന്നീട് ‘കിഴക്ക് ചീമയിലേ’ എന്ന ചിത്രത്തിലും അവർ ഒന്നിച്ചു. രാധികയുടെ സിനിമാ ജീവിതത്തിലെ 40 വർഷത്തെ നേട്ടങ്ങളിലും, ഒടുവിൽ റിലീസ് ചെയ്ത ‘തായിളവി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിലും ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ ഭാരതിരാജ പങ്കെടുത്തു. അത്രമേൽ ആത്മബന്ധമുള്ള തന്റെ ഗുരുനാഥന്റെ വിയോഗത്തിൽ കണ്ണീരോടെ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ പോലും പൂർത്തിയാകും മുൻപ് ഈ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് രാധികയ്ക്ക് സാക്ഷിയാകേണ്ടി വന്നത്.

നടൻ, സംവിധായകൻ, നിർമാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം തമിഴ് സിനിമയിൽ സജീവമായിരുന്ന മനോജ് കുമാർ, പന്ത്രണ്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. പിതാവിന്റെ ചിത്രങ്ങളായ ‘കൊടി പറക്കൂത്ത്’, ‘നാടോടി തെൻട്രൽ’, ‘കിഴക്ക് ചീമയിലേ’ എന്നിവയിൽ സഹസംവിധായകനായി. തുടർന്ന് ഭാരതിരാജയുടെ നിർദ്ദേശപ്രകാരം മണിരത്നത്തിന്റെ ‘ബോംബെ’, ശങ്കറിന്റെ ‘യന്തിരൻ’ എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു. യന്തിരന്റെ സെറ്റിൽ ചില രംഗങ്ങളിൽ രജനീകാന്തിന്റെ ബോഡി ഡബിളായും അദ്ദേഹം അഭിനയിച്ചിരുന്നു. ഭാരതിരാജ സംവിധാനം ചെയ്ത ‘താജ്‌മഹൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. തുടർന്ന് ‘സമുദ്രം’, ‘അന്നക്കൊടി’, ‘മാനാട്’, ‘വിരുമൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു സൂപ്പർതാര പദവിയിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചില്ല. മീനയോടൊപ്പം ഒരു മ്യൂസിക് ആൽബത്തിലും അദ്ദേഹം പാടിയിട്ടുണ്ട്. 2023-ൽ ‘മാർഗഴി തിങ്കൾ’ എന്ന ചിത്രത്തിലൂടെ മനോജ് സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു.

‘സാധുരിയൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മലയാളിയായ നന്ദനയെ മനോജ് പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണയമാവുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2006-ൽ നന്ദനയുടെ ജന്മനാടായ കോഴിക്കോട് വച്ച് വിവാഹം നടക്കുകയും ചെയ്തു. വിവാഹത്തിന് മുൻപ് കുഞ്ചാക്കോ ബോബൻ നായകനായ ‘സ്നേഹിത’ അടക്കമുള്ള മലയാള ചിത്രങ്ങളിൽ നന്ദന അഭിനയിച്ചിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയായിരുന്നു. ഹൃദ്രോഗബാധിതനായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയവേയാണ് മനോജ് മരണപ്പെടുന്നത്. മനോജിന്റെ ഭാര്യയും മക്കളും ജീവിച്ചിരിക്കെ സ്വത്തുക്കൾ മുഴുവൻ സഹോദരി തട്ടിയെടുത്തത് നിയമപരമായി നിലനിൽക്കില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത സിനിമാ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി വിജയ്, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ പ്രമുഖരെല്ലാം ഇതിഹാസ സംവിധായകന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ സിനിമയിൽ ആവിഷ്കരിച്ച മഹാനായ ചലച്ചിത്രകാരന്റെ അന്ത്യകർമ്മങ്ങൾക്കിടയിൽ ഇത്തരം രംഗങ്ങൾ അരങ്ങേറിയത് സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.