
താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി അംഗങ്ങളുടെ കൂട്ടരാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി ബീന ആന്റണി. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതിയും ഒന്നിച്ച് രാജിവെച്ചത്. സംഘടനയിലെ ആഭ്യന്തര തർക്കങ്ങളെത്തുടർന്ന് ഉണ്ടായ അടിയന്തര സാഹചര്യങ്ങൾക്കൊടുവിലായിരുന്നു ഈ നിർണായക തീരുമാനം. റിപ്പോർട്ടർ ഫിലിംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യോഗത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
സുപ്രധാനമായ ഈ യോഗത്തിൽ മമ്മൂട്ടി പങ്കെടുത്തിരുന്നില്ലെന്ന് ബീന ആന്റണി വ്യക്തമാക്കി. യോഗത്തിലുടനീളം മോഹൻലാൽ ഇരുന്നിരുന്ന രീതി തന്നെ ഏറെ വിഷമിപ്പിച്ചതായും അവർ പറഞ്ഞു. വലിയ മാനസികവിഷമത്തോടെയാണ് അദ്ദേഹം അവിടെ ഇരുന്നിരുന്നത്. എന്നാൽ യോഗത്തിനിടയിൽ മോഹൻലാൽ പറഞ്ഞ ഒരു കാര്യത്തോട് അവിടെയുണ്ടായിരുന്ന എല്ലാവരും പൂർണ്ണമായി യോജിക്കുകയും കയ്യടിച്ച് അതിനെ പിന്തുണയ്ക്കുകയും ചെയ്തുവെന്നും ബീന ആന്റണി വെളിപ്പെടുത്തി.
‘മമ്മൂക്ക വന്നില്ല എന്താണ് കാരണം എന്നറിയില്ല. ലാലേട്ടൻ വന്നു വൈകുന്നേരം വരെ നിന്നു. ലാലേട്ടന് ഒരു കാര്യവും അടിച്ചേൽപ്പിക്കാൻ പറ്റില്ല. പുള്ളി ഇരിയ്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഒരുപാട് സന്തോഷത്തോടെ വരണം എന്ന് ആഗ്രഹിച്ചതാണ്. ലാലേട്ടനെ പോലൊരു വ്യക്തി ഫ്രണ്ടിൽ ഇരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്നിലൂടെയാണ് ഈ ചർച്ചയും വഴക്കും നടക്കുന്നത്. ലാലേട്ടന്റെ ഉള്ളിലും ടെൻഷൻ ഉണ്ടാകും. അദ്ദേഹത്തിന് കേറി എതിർക്കാനും പറ്റുന്നില്ല.’ ബീന ആന്റണി പറഞ്ഞു.
‘പുള്ളി പക്ഷെ കേറിയിട്ട് ഒറ്റ കാര്യം പറഞ്ഞു, ‘എനിക്കിത് കണ്ടിന്യൂ ചെയ്യണമെന്ന് നിർബന്ധിക്കാൻ പറ്റില്ല. ഇവർക്ക് 45 ദിവസം കൂടെ കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കാം അത് ജനറൽബോഡിയ്ക്ക് വിട്ടുതരുന്നു. നിങ്ങൾ പറയുന്നതുപോലെ തീരുമാനിക്കാം വരെ മുന്നോട്ട് കൊണ്ടുപോകണം എന്ന് പറയാൻ ഞാൻ ആളല്ല എന്ന് ലലേട്ടൻ പറഞ്ഞു. പുള്ളിയെല്ലാം കേട്ടുകൊണ്ടിരിക്കുകയാണല്ലോ ഏകദേശം അരമുക്കാൽ മണിക്കൂർ അൻസിബ സംസാരിച്ചു. നിങ്ങൾക്ക് തീരുമാനം എടുക്കാം എന്നാണ് ലാലേട്ടൻ പറഞ്ഞത്.
പക്ഷെ അദ്ദേഹം പറഞ്ഞ ഒരു വാക്കിൽ എല്ലാവരും കയ്യടിച്ചു. ”നിങ്ങൾ ആരും പേടിക്കണ്ട. ഇനി എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നും സേഫ് ആയിരിക്കും, അതിൽ ഞാൻ ഉറപ്പ് തരുന്നു എന്ന് ലാലേട്ടൻ പറഞ്ഞു”. അത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി,’ ബീന ആന്റണി പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളെ എല്ലാം അമ്മയിലെ വഴക്ക് ബാധിച്ചു. സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നിട്ട് പരാജയപ്പെട്ട് പോയതിൽ എനിക്ക് വിഷമം ഉണ്ട്.’ ബീന ആന്റണി കൂട്ടിച്ചേർത്തു.