നിഗൂഢതകളില്‍ നിറഞ്ഞ് അതിരന്‍ ….

','

' ); } ?>

മലയാള സിനിമകളില്‍ സമാന്തര സിനിമകള്‍ക്കും പരീക്ഷണ ചിത്രങ്ങള്‍ക്കും എന്നും വ്യത്യസ്ഥമായ ഒരു വേദിയും സ്ഥാനവും ആവശ്യമാണ്. നവാഗതനായ വിവേക് മലയാളസിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത് അത്തരമൊരു വലിയ സാഹസം എടുത്തുകൊണ്ടുതന്നെയാണ്. ഫഹദ് ഫാസില്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിവേക് ഒരുക്കിയ അതിരന്‍ മലയാളത്തില്‍ അധികമൊന്നും പരീക്ഷിക്കപ്പെടാത്ത ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്റ്റോറിയുമായാണ് എത്തിയിരിക്കുന്നത്.

ആദ്യ ടീസറിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയ ഒരു അപ്രതീക്ഷിത ഷോക്ക് തന്നെയാണ് അതിരന്‍ എന്ന ചിത്രത്തിന്റെ ഹാള്‍ മാര്‍ക്ക്. പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായ് പല്ലവിയും അതുല്യ നടന്‍ ഫഹദ് ഫാസിലും തങ്ങളുടെ കരിയറിലെ ഏറ്റവും വ്യത്യസ്ഥമായ രണ്ടു വേഷങ്ങളിലൂടെ ചിത്രത്തിലെത്തുകയാണ്. ചെറിയൊരു ഹോളിവുഡ് ടച്ചുമായി മറ്റു ഭാഷകളിലും സ്വീകാര്യത ഉയര്‍ത്തിക്കൊണ്ട് ഒരു കംപ്ലീറ്റ് മിസ്റ്ററി പോലെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഏറ്റവും എടുത്തു പറയേണ്ട ഘടകം ചിത്രത്തിന്റെ പശ്ചാത്തലം തന്നെയാണ്. ഏറെ രഹസ്യങ്ങളുമായി കാടിന് നടുവില്‍ ഒറ്റപ്പെട്ട ഹോസ്പിറ്റലിലേക്കുള്ള ഒരു ഡോക്ടറുടെ യാത്രയിലൂടെ ചിത്രം ആരംഭിക്കുമ്പോള്‍ കാണികളുടെ മനസ്സില്‍ ഒരു നിഗൂഢതയുടെ നാമ്പ് കുറിച്ചുകൊണ്ട് ചിത്രം ആരംഭിക്കുകയാണ്. പ്രത്യേകിച്ച് വലിയ മോഡിയോ ആഡംബരങ്ങളോ ഇല്ലാതെ അത്യാവശ്യമായ ചില ചേരുവകള്‍ ചേര്‍ത്ത് തികച്ചും ഒരു മാനസിക പശ്ചാലത്തിലാണ് എല്ലാ കഥാപാത്രങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

പിന്നീട് കഥയുടെ ചുരുള്‍ മെല്ലെ മെല്ലെ അഴിയുമ്പോള്‍ കാണിയുടെ മനസ്സില്‍ പ്രതീക്ഷയുടെയും ആശ്ചര്യത്തിന്റെയും വിത്തുകള്‍ വിതച്ചുകൊണ്ട് ചിത്രം പുരോഗമിക്കുന്നു. പ്രത്യക്ഷത്തില്‍ ഒരു ഹൊറര്‍ ബാക്ക് ഗ്രൗണ്ട് തോന്നിക്കുമെങ്കിലും പിന്നീട് നടക്കുന്ന സംഭവങ്ങള്‍ കഥയെ ആകെ മാറ്റിമറിക്കുകയാണ്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇടക്കിടെ ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്‌സ് ഇതിനെയെല്ലാം മറികടന്നുകൊണ്ട് ചിത്രത്തിന് വ്യക്തമായ ഒരു ലക്ഷ്യം നല്‍കി.

കഥാപാത്രങ്ങളുടെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സായ് പല്ലവിയും, മുന്‍ നിരനടന്‍ ഫഹദ് ഫാസില്‍, സുരഭി സന്തോഷ്, പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും മികച്ച പ്രകടയമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. ഒപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തിയ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറും തന്റെ കഥാപാത്രത്തെ നിറഞ്ഞ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായി അവതരിപ്പിച്ചു.

സംവിധാനത്തിന്റെ ചില പോരായ്മകള്‍ ചിത്രത്തില്‍ പ്രകടമായിട്ടുണ്ട്. കഥയുടെ ഇഴച്ചില്‍, പെട്ടന്നുള്ള മാറ്റങ്ങള്‍ എന്നിവക്കൊക്കെ ഇത് കാരണമായി. പക്ഷെ ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ വ്യത്യസ്ഥമായ നല്ല കുറേ നിമിഷങ്ങളും വിവേകിന് സമ്മാനിക്കാനായിട്ടുണ്ട്. പി എഫ് മാത്യൂസിന്റെ തിരക്കഥയും ഈ കാര്യങ്ങളില്‍ വിവേകിനൊപ്പം തന്നെ നിന്നു.

ചിത്രത്തിലേറ്റവും എടുത്ത് പറയേണ്ട ഒരു മറ്റൊരു സവിശേഷത ഛായാഗ്രണമാണ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ചിത്രത്തെ ഏറെ സഹായിച്ചു. മികച്ച ഗാനങ്ങളായിരുന്നെങ്കിലും ചിത്രത്തിനോട് ചേര്‍ന്നു നില്‍ക്കാന്‍ ജയഹരിയുടെ സംഗീതത്തിനായില്ല.

ഏറെ പ്രതീക്ഷകളോട് ചെന്നാലും അവയെ എല്ലാ അര്‍ത്ഥത്തിലും തകിടം മറിക്കുന്ന ചിത്രമാണ് അതിരന്‍. ഒരു വ്യത്യസ്ഥമായ സിനിമാ അനുഭവത്തിനായ ധൈര്യപൂര്‍വം ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് അതിരന്‍.. പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ട് അതിരനെപ്പോലുള്ള സിനിമകള്‍ ഇനിയും ഉയര്‍ന്ന നിലവാരത്തോടെ മലയാള ചലച്ചിത്ര രംഗത്ത് ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു.