വ്യത്യസ്ത ഭാവങ്ങളില്‍ ധനുഷ്, അസുരന്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ധനുഷ്-വെട്രിമാരന്‍ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ ധനുഷിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. ധനുഷിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് പോസ്റ്ററുകളില്‍. ഒന്നില്‍ ശാന്തനും രണ്ടാമത്തേതില്‍ ഷര്‍ട്ടിലും ചോരത്തുള്ളികളുമായി ചോരപുരണ്ട കത്തിയുമേന്തിയാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. അച്ഛനും മകനുമായി ഡബിള്‍റോളിലാണ് ധനുഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രമണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വേല്‍രാജ് ആണ് ഛായാഗ്രഹണം. ഒക്ടോബര്‍ നാലിന് ചിത്രം റിലീസ് ചെയ്യും.

എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മിക്കുന്നത്. വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന എന്ന പ്രത്യേകതയും അസുരനുണ്ട്.