നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ചിത്രങ്ങള്‍ക്ക് വിലക്ക്

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ചിത്രങ്ങള്‍ക്ക് സിനിമാ സംഘടനകളുടെ വിലക്ക്. സംഘടനകളുടെ ചട്ടങ്ങള്‍ മറികടന്ന് ബിഗില്‍ വിതരണം ചെയ്തതിനാണ് വിലക്കേര്‍പ്പെടുത്തിയത്. നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ദര്‍, തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തമിഴ് സിനിമകള്‍ വൈഡ് റിലീസ് ചെയ്യാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് മാജിക്ക് ഫ്രെയിംസും , പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ബിഗില്‍ കേരളത്തില്‍ റിലീസിനെത്തിച്ചത്. 150 ഓളം തിയേറ്ററുകളിലേ റിലീസ് ചെയ്യൂ എന്ന് അറിയിച്ച് 300 ഓളം തിയേറ്ററുകളിലാണ് ബിഗില്‍ റിലീസ് ചെയ്തത്. തെറ്റിദ്ധരിപ്പിച്ച് ചിത്രം തിയേറ്ററിലെത്തിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഔദ്യോഗിക പാനലില്‍ നിന്നല്ലാതെ വിജയിച്ച വ്യക്തിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ നിയമം ലംഘിച്ചതിനെതിരെ യോഗത്തില്‍ ബഹളമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും ബഹളത്തെ തുടര്‍ന്ന് ലിസ്റ്റിന്‍ ഇറങ്ങി പോയി. ആസിഫ് അലി ചിത്രം കെട്ട്യോളാണ് മാലാഖ, പൃഥ്വിരാജ് ചിത്രം, കുഞ്ചാക്കോ ബോബന്‍ ചിത്രം തുടങ്ങീ നിരവധി ചിത്രങ്ങളാണ് മാജിക്ക് ഫ്രെയിംസിന്റേതായി പുറത്തിറങ്ങാനുള്ളത്. ബിഗില്‍ വൈഡ് റിലീസ് ചെയ്തതിന്റെ പകുതി തുക മാത്രം ലിസ്റ്റിഫന് നല്‍കിയാല്‍ മതിയെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഫിയോക്ക് എന്ന തിയേറ്റര്‍ സംഘടനയുടെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂരാണ്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചിട്ടില്ല.