കുറച്ചു ദിവസമായി ഭര്‍ത്താവിനെ കാണാനില്ല, സഹായം അഭ്യര്‍ത്ഥിച്ച് ആശ ശരത്ത്

','

' ); } ?>

കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഫേസ്ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി ആശ ശരത്ത്. എന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ വീഡിയോ. താരം പറയുന്നത് കേട്ട് ഒടുവിലാണ് മനസ്സിലാവുക പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷന്‍ വീഡിയോയാണെന്ന്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വീഡിയോ ഇടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ആശ ശരത്ത് തുടക്കമിടുന്നത്. ‘കുറച്ച് ദിവസമായിട്ട് എന്റെ ഭര്‍ത്താവിനെ കാണുന്നില്ല.പത്ത് നാല്‍പ്പത്തഞ്ച് ദിവസമായി. സാധാരണ പോയാല്‍ ഉടനെ തന്നെ തിരിച്ച് വരികയോ എങ്ങനേലും വിവരം അറിയിക്കുകയോ ചെയ്യുകയാണ് പതിവ്.’

‘ഇപ്പോ കുറച്ച് ദിവസമായി എവിടെയാണ് പോയത് ഒന്നും അറിയുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്ന് അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാന്‍ മുമ്പോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബല, ഡ്രംസൊക്കെ വായിക്കുന്ന കൂട്ടത്തിലാണ്. ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കില്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം.’

‘അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ കുറേപ്പേര്. ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങള്‍ക്കാര്‍ക്കും തന്നെ അറിഞ്ഞിട്ടില്ല അദ്ദേഹം എവിടെയാണെന്ന്. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണം. എവിടെ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്. നിങ്ങള് കണ്ടുപിടിച്ച് തരുമെന്ന വിശ്വാസത്തിലാണ്ഞാന്‍ മുമ്പോട്ട് പോകുന്നത്. നിങ്ങള്‍ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ ഒന്ന് അറിയിച്ചേക്കണേ’ ഇങ്ങനെ പറഞ്ഞാണ് താരം നിര്‍ത്തുന്നത്. ഇതിന് പിന്നാലെ കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’യുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ആരാധകര്‍ക്ക് കാര്യം കൂടുതല്‍ വ്യക്തമാകുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മനോജ് കെ ജയനാണ് നായകനായെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ താരം പങ്കുവെച്ചത്.