വെള്ളിത്തിരയിലെ മദ്യനിരോധനം, ആഞ്ഞടിച്ച് താരങ്ങള്‍

സിനിമകളില്‍ നിന്നും മദ്യപാന പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി നിയമസഭാസമിതി രംഗത്തു വന്ന വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രമുഖ നടന്‍മാരും സംവിധായകരും പ്രതികരണങ്ങളറിയിച്ചിരിക്കുന്നത്. നിരോധനം പമ്പര വിഡ്ഡിത്തമാണെന്നും ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ബഹുപാര്‍ട്ടി പ്രാതിനിധ്യമുള്ള ഒരു നിയമസഭാസമിതി വിഷയത്തില്‍ ചുക്കാന്‍ പിടിക്കുന്നതെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പ്രതികരിച്ചു.

‘കലാസൃഷ്ടിയുടെ സ്വതന്ത്ര പ്രക്രിയകളെ ചങ്ങലയ്ക്കിടുന്ന ഇത്തരം നീക്കങ്ങള്‍ പമ്പര വിഡ്ഡിത്തത്തില്‍ നിന്ന് പിറക്കുന്നതാണ് എന്ന് വിശ്വസിക്കാന്‍ എളുപ്പമാണ്. പക്ഷെ ഇതിനെ, ഇവിടെ വച്ച്, ഇപ്പോള്‍ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമേ വേണ്ട, പ്രത്യേകിച്ചും ബഹുപാര്‍ട്ടി പ്രാതിനിധ്യം ഉള്ള ഒരു നിയമസഭാ സമിതി ഇതിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍. ഇതില്‍ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മയാണ്. ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരേ പൊരുതിയില്ലെങ്കില്‍ ഇതിനും ”വലിയ വില കൊടുക്കേണ്ടി വരും”എന്നാണ് മുരളി ഗോപി പ്രതികരിച്ചത്.

വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പോഴോ നിരോധിക്കേണ്ടതായിരുന്നുവെന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ‘വില്ലന്‍മാരുടെ ക്ഷേമം കൂടി കണക്കിലെടുത്ത് ഇത് എപ്പഴോ നിരോധിക്കേണ്ടതാണെന്നാണ് ടേക്കുകള്‍ കൂടുമ്പോള്‍ എത്ര കോലയാണ് ഓരോ വില്ലനും കുടിക്കുന്നത്’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ വിസി അഭിലാഷ് വിഷയത്തോട് രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. സിനിമ തന്നെ നിരോധിക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് ഈ വാര്‍ത്തയോട് പ്രതികരിച്ച് അദ്ദേഹം പറയുന്നു. മിക്കി മൗസ്, ടോം & ജെറി സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി കൊടുക്കാവൂവെന്നും ടിവിയില്‍ കൊച്ചു ടിവി മാത്രം മതിയെന്നും അഭിലാഷ് പരിഹാസരൂപേണ പറഞ്ഞു.

മദ്യവും സിഗരറ്റും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുഴപ്പമില്ല പക്ഷേ സിനിമയില്‍ കാണിക്കരുത് എന്നാണ് സംവിധായകന്‍ ഒമര്‍ലുലു പ്രതികരിച്ചത്.