ആശ ശരത്തിന്റെ പ്രമോഷണല്‍ വീഡിയോയില്‍ കുടുങ്ങി കട്ടപ്പന പൊലീസ്

എവിടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞെത്തിയ നടി ആശ ശരത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എവിടെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ‘ഭര്‍ത്താവിനെ’ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ഇപ്പോഴിതാ, സംഭത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ നിരവധിപ്പേരാണ് വിളിച്ചന്വേഷിക്കുന്നത്. കാര്യം സത്യമാണോ എന്നറിയുവാന്‍ വേണ്ടിയാണ് സ്‌റ്റേഷനിലേയ്ക്ക് ആളുകള്‍ വിളിക്കുന്നത്. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തലവേദനയായി.ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലാണെന്നും സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

ആശ ശരത്തിന്റെ വീഡിയോ സിനിമയുടെ പ്രമോഷനുവേണ്ടിയാണെന്നറിയാതെ നിരവധിപ്പേരാണ് ഷെയര്‍ ചെയ്തത്. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍, ഇതൊരു പ്രമോഷണല്‍ വീഡിയോ ആണെന്ന് വ്യക്തമാക്കിത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചു.