‘സാര്‍പട്ടാ പരമ്പരൈ’ ട്രെയിലര്‍

ആര്യയെ നായകനാക്കി പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സാര്‍പട്ടാ പരമ്പരൈയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ബോക്‌സിങ് താരമായി വമ്പന്‍ മേക്കോവറിലാണ് ട്രെയി്ലറില്‍ ആരിയ പ്രത്യക്ഷപ്പെടുന്നത്. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിംഗ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ ഒരുക്കുന്നത്. കബിലന്‍ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ജൂലൈ 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ റിലീസ് ചെയ്യും.

സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു ‘നോക്കൗട്ട് കിങ്’ എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ ജീവചരിത്രം അടിസ്ഥാനമായേക്കാനും സാദ്ധ്യതയുണ്ടെന്ന് സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ചര്‍ച്ച വന്നിരുന്നു. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് സാര്‍പട്ടാ പരമ്പരൈ.

വടചെന്നൈ ജനതയെക്കുറിച്ച് ‘പേട്ടൈ’ എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിനൊപ്പം തെലുങ്ക് ഹിന്ദി പതിപ്പുകളിലും സാര്‍പട്ടാ പരമ്പരൈ റിലീസിനെത്തും.


തമിഴ് സിനിമ രംഗത്തെ പ്രമുഖനായ സംവിധായകനും നിര്‍മ്മാതാവുമാണ് പാ. രഞ്ജിത്ത്.2012ല്‍ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ അട്ടക്കത്തി ആയിരുന്നു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2014-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചലച്ചിത്രം വിമര്‍ശകരില്‍ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി. 2016-ല്‍ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി കബാലി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത് കേന്ദ്ര കഥാപാത്രമായ കാലായാണ് പാ. രഞ്ജിത്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചലച്ചിത്രം.