‘ക്യാപ്റ്റനു’മായി ആര്യ… ഫസ്റ്റ് ലുക്ക്

തമിഴില്‍ നിന്ന് വീണ്ടുമൊരു പരീക്ഷണചിത്രം കൂടി വരുന്നു. കോളിവുഡില്‍ പരീക്ഷണചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാപ്റ്റന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആര്യയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പട്ടാളവേഷത്തില്‍ നില്‍ക്കുന്ന നായകനും തൊട്ടുപിന്നിലായി വിചിത്രരൂപിയായ ഒരു ജീവിയും നില്‍ക്കുന്നതായാണ് പോസ്റ്റര്‍. അന്യഗ്രഹജീവിയുമായിട്ടാണോ ഇത്തവണ ശക്തി സൗന്ദര്‍ രാജന്റെ നായകന്‍ ഏറ്റുമുട്ടുന്നത് എന്നാണ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ആര്യക്കൊപ്പം പ്രധാന കഥാപാത്രമായി സിമ്രാനും ‘ക്യാപ്റ്റനി’ലുണ്ട്. യുവയാണ് ‘ക്യാപ്റ്റന്‍’ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആര്യ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം ഇമ്മനാണ്.

‘ക്യാപ്റ്റന്‍’ എന്ന ചിത്രം പൂര്‍ത്തിയായതായി അറിയിച്ച് സിമ്രാന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ആര്യ നായകനാകുന്ന ചിത്രത്തില്‍ ഭാഗമായതിന്റെ സന്തോഷത്തിലാണ് താനെന്നും സിമ്രാന്‍ പറയുന്നു. ‘ക്യാപ്റ്റന്‍’ എന്ന സിനിമയുടെ പ്രമേയം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗോകുല്‍ ആനന്ദ്, കാവ്യ ഷെട്ടി, ഹരീഷ് ഉത്തമന്‍, ഭരത് രാജ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘എനിമി’ എന്ന ചിത്രമാണ് ആര്യയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. ആനന്ദ് ശങ്കറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മംമ്ത മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആര്യ നായകനായെത്തിലെ സാര്‍പ്പട്ട പരമ്പരൈ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.ചെന്നൈയിലെ ബോക്സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും എല്ലാം അടിയന്തരാവസ്ഥ കാലത്തിന്‍റെ പാശ്ചത്തലത്തിലാണ് ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രം പറയുന്നത്.