
ഹെയർ ഡൈ ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ അലർജിക്ക് പിന്നാലെ തന്നെ ആരും വർക്കിന് വിളിക്കാതെയായെന്ന് നടൻ ആദിത്യൻ ജയൻ. തന്റെ കരൾ പ്രവർത്തനരഹിതമായെന്നുവരെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചുവെന്നും, ആ ഒരു വർഷം തനിക്ക് തന്നെ വലിയ നാണക്കേടായി തോന്നിയിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. കൂടാതെ വിവാദങ്ങളും കരിയറിലെ പ്രതിസന്ധികളും കത്തിനിന്ന ആ സമയത്ത് തന്റെ ഉപജീവനമാർഗ്ഗം മുടങ്ങരുതെന്ന് കരുതി പിന്തുണയുമായി മുന്നോട്ടുവന്നത് മുതിർന്ന നടി രമാദേവിയാണെന്ന് ആദിത്യൻ ഓർത്തെടുത്തു. ആ സമയത്ത് തങ്ങളുമായി യാതൊരു വ്യക്തിബന്ധവുമില്ലായിരുന്നിട്ടും, ‘ശ്യാമാംഭരം’ എന്ന പരമ്പരയിലേക്ക് തന്നെ കൊണ്ടുവരാൻ അവർ മുൻകൈയെടുത്തുവെന്നും ആദിത്യൻ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ആദിത്യന്റെ വാക്കുകൾ
“അലർജി വന്ന സമയത്ത് ആരും വർക്കിന് വിളിച്ചിരുന്നില്ല. എന്റെ കരൾ അടിച്ച് പോയെന്നു വരെ പലരും പറഞ്ഞു. ഒരു വർഷം എനിക്ക് തന്നെ നാണക്കേടായി. ബിഗ് ബോസിൽ ഞാൻ പോകാനിരുന്നതാണ്. പക്ഷേ പോയില്ല. ഫ്ലവേഴ്സിൽ നിന്നും വിളി വരുന്നത് ആ സമയത്താണ്. പിന്നീട് ആരോഗ്യത്തിൽ ശ്രദ്ധ നൽകി തിരിച്ചു വരവ് നടത്തി. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി എന്നെ തിരികെ കൊണ്ടുവരാൻ സംസാരിച്ച ഒരാളുണ്ട്- നടി രമാ ദേവി. കരിയറിൽ നിന്ന് ഞാൻ മാറി നിന്ന സമയമുണ്ട്. അവർക്ക് ആ സമയത്ത് ഞാനുമായി ഒരു ബന്ധവുമില്ല. എന്റെ ജീവിത മാർഗം മുട്ടിക്കരുതെന്ന് കരുതി അവർ ശ്യാമാംഭരത്തിൽ കൊണ്ട് വന്നു. അതിലെന്റെ കഥാപാത്രവും ആദിത്യൻ എന്ന് തന്നെയായിരുന്നു. വിളിക്കല്ലേ എന്ന് പലരും പറഞ്ഞു. എനിക്കറിയാം അതൊക്കെ ആരാണെന്ന്. എന്നാൽ മാഡം പറഞ്ഞത് അവൻ കലാകാരനാണ്, തെറ്റും കുറ്റങ്ങളുമെല്ലാം സംഭവിക്കും എന്നാണ്.
അമ്മയുടെ പ്രായമില്ലെങ്കിലും മാഡം എനിക്ക് അമ്മയുടെ സ്ഥാനത്താണ്. ഗുരുസ്ഥാനവുണ്ട്. അത്രയും വലിയ സ്ഥാനം അവർക്ക് ഞാൻ കൊടുക്കുന്നുണ്ട്. വിവാദങ്ങൾ കത്തി നിൽക്കുന്ന സമയത്തും ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നെ ചിലർ മാറ്റി നിർത്തി. അതിൽ വിഷമമുണ്ടായിട്ടുണ്ട്. പക്ഷെ അത് ശ്രദ്ധിക്കാൻ പോയാൽ ജീവിക്കാൻ പറ്റില്ല.”
മലയാള ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ചലച്ചിത്ര-സീരിയൽ നടനാണ് ആദിത്യൻ ജയൻ. മലയാള സിനിമയിലെ ഇതിഹാസ താരം അന്തരിച്ച ജയന്റെ അനുജന്റെ മകനാണ് അദ്ദേഹം
2005 -ൽ രാജൻ പി.ദേവ് സംവിധാനം ചെയ്ത മണിയറക്കള്ളൻ എന്ന സിനിമയിലൂടെയാണ് ആദിത്യൻ ചലച്ചിത്ര രംഗത്ത് അരങ്ങേറുന്നത്. തുടർന്ന് ചങ്ങാതിക്കൂട്ടം, പാപ്പീ അപ്പച്ചാ, റിഥം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമകൾക്ക് പുറമെ മലയാള ടെലിവിഷൻ രംഗത്താണ് അദ്ദേഹം കൂടുതൽ ജനപ്രീതി നേടിയത്. ഏഷ്യാനെറ്റ്, സൂര്യ ടിവി, സീ കേരളം തുടങ്ങിയ പ്രമുഖ ചാനലുകളിൽ സംപ്രഷണം ചെയ്ത നിരവധി പരമ്പരകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആദിത്യന് സാധിച്ചു.
സിനിമകളേക്കാൾ ടെലിവിഷൻ പരമ്പരകളിലാണ് അദ്ദേഹം കൂടുതൽ ജനപ്രീതി നേടിയത്. ‘അമ്മ’, ‘പവിത്രബന്ധം’, ‘മറ്റൊരുവൾ’ തുടങ്ങി നിരവധി പ്രമുഖ പരമ്പരകളിൽ വില്ലൻ വേഷങ്ങളിലും പ്രധാന കഥാപാത്രങ്ങളിലും തിളങ്ങി.