
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീനി’ന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് (നവംബർ 3) വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ മെഗാ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ജയശ്രീ ദാമോദരനാണ് സഹനിർമ്മാതാവ്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണ പങ്കാളി ഡ്രീം ബിഗ് ഫിലിംസാണ്.
ട്രെയ്ലർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിട്ടുണ്ട്. ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നർമം നിറഞ്ഞ മുഹൂർത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേർന്ന ട്രെയ്ലർ ഒരു കംപ്ലീറ്റ് എന്റർടെയ്നറിന്റെ സൂചനയാണ് നൽകിയത്. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
മലയാളി താരം നസ്ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ട്രെയ്ലറിൽ ഇരുവരുടെയും പ്രകടനങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്. സൂര്യയുടെ മാസ് അവതാരത്തിനൊപ്പം നസ്ലന്റെയും നസ്രിയയുടെയും സാന്നിധ്യം ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ കൂട്ടുന്നുണ്ട്. നേരത്തെ പുറത്തുവന്ന നസ്ലന്റെ ക്യാരക്ടർ ടീസറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായപ്പോൾ യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവനും സംഗീതസംവിധായകൻ സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ട്രെയ്ലറിലെ മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്ന ഘടകങ്ങൾ ആണ്.
മാസ് ആക്ഷൻ, കോമഡി, ത്രില്ലർ ഘടകങ്ങൾ ഒരുമിക്കുന്ന ‘സീൻ’ എല്ലാ വിഭാഗം പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള ഒരു പക്കാ എന്റർടെയ്നറായാണ് ഒരുങ്ങുന്നത്. സൂര്യയുടെ സ്റ്റൈലിഷ് പൊലീസ് വേഷവും ജിത്തു മാധവന്റെ വ്യത്യസ്തമായ കഥപറച്ചിലും ശ്രദ്ധേയമായ താരനിരയും ചേർന്ന ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ വലിയ വരവേൽപ്പാണ് പ്രതീക്ഷിക്കുന്നത്.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ: ശബരി.