
കുട്ടിക്കാലത്ത് തന്റെ ശല്യം ഒഴിവാക്കാനായി സഹോദരൻ പ്രയോഗിച്ച ‘നാഗവല്ലി’ തന്ത്രത്തെക്കുറിച്ചും, അതുമൂലമുണ്ടായ പ്രേതപ്പേടിയെക്കുറിച്ചും മനസ്സ് തുറന്ന് യുവനടി ആർഷ ബൈജു. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ നൽകിയ ഭയം മുതലെടുത്താണ് സഹോദരൻ തന്നെ മുറിയിൽ നിന്ന് അകറ്റി നിർത്തിയിരുന്നതെന്നും, ഇന്നും ആ മുറിയിലെ ബാത്ത്റൂം താൻ ഉപയോഗിക്കാറില്ലെന്നും ആർഷ വെളിപ്പെടുത്തി. ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘മായന്റെ’ പ്രൊമോഷന്റെ ഭാഗമായി ‘ഒറിജിനൽസിന്’ നൽകിയ അഭിമുഖത്തിലാണ് താരം രസകരമായ ഈ ഓർമ പങ്കുവെച്ചത്.
ഒന്നിലോ രണ്ടിലോ പഠിക്കുന്ന പ്രായത്തിലാണ് സംഭവം. മുകളിലത്തെ നിലയിലുള്ള സഹോദരന്റെ മുറിയിലേക്ക് ആർഷ ഇടയ്ക്കിടെ കയറിച്ചെല്ലുമായിരുന്നു. ലാപ്ടോപ്പിൽ ജോലി ചെയ്യുമ്പോഴോ കാമുകിയുമായി സംസാരിക്കുമ്പോഴോ ഉണ്ടാകുന്ന ഈ ശല്യം ഒഴിവാക്കാൻ സഹോദരൻ ഒരു വഴി കണ്ടെത്തി. തന്റെ മുറിയിലെ ബാത്ത്റൂം ‘തെക്കിനി’യുടെ ദിശയിലാണെന്നും, അതിനുള്ളിൽ നാഗവല്ലിയുണ്ടെന്നും അദ്ദേഹം ആർഷയെ വിശ്വസിപ്പിച്ചു.
അക്കാലത്ത് ‘മണിച്ചിത്രത്താഴ്’ കണ്ട് ഭയന്നിരുന്ന ആർഷയ്ക്ക്, സിനിമയിലെ മാനസികരോഗത്തെക്കുറിച്ചൊന്നും ധാരണയില്ലാത്തതിനാൽ നാഗവല്ലിയെ വലിയ പേടിയായിരുന്നു. സഹോദരന്റെ വാക്കുകൾ വിശ്വസിച്ചതോടെ പേടി കാരണം ആ മുറിയിലേക്ക് പോകാതായി. ചേട്ടൻ ഇല്ലാത്ത സമയങ്ങളിൽ മുറിയിൽ കയറുക പോലും ചെയ്തിരുന്നില്ല. ഒരിക്കൽ സഹോദരൻ മുറിയിലില്ലെന്ന് കരുതി അകത്ത് കയറിയപ്പോൾ, ബാത്ത്റൂമിനുള്ളിൽ നിന്ന് അദ്ദേഹം വിചിത്രമായ ശബ്ദമുണ്ടാക്കി പേടിപ്പിച്ചതായും, ഇതോടെ താൻ നിലവിളിച്ച് ഓടിയിട്ടുണ്ടെന്നും ആർഷ ചിരിയോടെ ഓർത്തെടുത്തു.
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആർഷ ബൈജു, ‘തുടരും’ അടക്കമുള്ള സിനിമകളിലൂടെ മലയാളത്തിൽ സജീവമാണ്. കറുത്തച്ചനൂട്ട് പശ്ചാത്തലമായി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘മായനാണ്’ ആർഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
ആർഷയുടെ വാക്കുകൾ
”മണിച്ചിത്രത്താഴ് ഭയങ്കര പേടിപ്പിച്ചിരുന്നു. മാനസികരോഗത്തെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. എന്റെ ചേട്ടന്റെ റൂം മുകളിലാണ്. ഞാന്‍ അച്ഛന്റേയും അമ്മയുടേയും കൂടെയാണ്. വളരെ ചെറുപ്പത്തിലെ കാര്യമാണ്. ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ചേട്ടന്റെ റൂമില്‍ കയറി ചെല്ലും. ചേട്ടന് ലാപ് ടോപ്പില്‍ എന്തെങ്കിലും ചെയ്യുകയോ കാമുകിയുമായി സംസാരിക്കുകയോ ഒക്കെയാകും. ഞാന്‍ ഒരു ശല്യത്തെപ്പോലെ എപ്പോഴും കയറി ചെല്ലും.
അത് മാറ്റാനായി ചേട്ടനൊരു കാര്യം പറഞ്ഞു. ചേട്ടന്റെ മുറിയിലൊരു ബാത്ത് റൂം ഉണ്ട്. അത് തെക്കിനിയുടെ ദിശയിലായിരുന്നു. അതിനകത്ത് നാഗവല്ലിയുണ്ടെന്നും അങ്ങോട്ട് വരാനും അതിനകത്തേക്ക് കയറാനും പാടില്ലെന്ന് എന്നോട് പറഞ്ഞു. എനിക്ക് എന്ത് പേടിയായിരുന്നുവെന്നോ. മണിച്ചിത്രത്താഴ് അത്രയും പേടിപ്പിച്ചിരുന്നു. പേടി കാരണം ഞാന്‍ അങ്ങോട്ട് പോകത്തില്ലായിരുന്നു. ചേട്ടനില്ലാത്ത സമയത്ത് റൂമില്‍ കയറുക പോലുമില്ല. ഇപ്പോഴും ആ ബാത്ത് റൂം ഉപയോഗിക്കാറില്ല.
എപ്പോഴോ ഒരു വട്ടം ചേട്ടന് പേടിപ്പിച്ചിട്ടുണ്ട്. ചേട്ടന് ഇല്ലെന്ന് കരുതി ഞാന്‍ അകത്ത് കയറിയപ്പോള്‍ ചേട്ടന് അതിന്റെ അകത്തു നിന്നും എന്തോ ശബ്ദമുണ്ടാക്കി. ഇതോടെ ഞാന്‍ നിലവിളിച്ച് ഓടിയിട്ടുണ്ട്. ചെറുപ്പത്തില്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ്.”