അര്‍ജുന രാഗങ്ങള്‍

മലയാള സിനിമാ സംഗീത ലോകത്തിന് നിരവധി അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് അരനൂറ്റാണ്ട് പിന്നീടേണ്ടി വന്നു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെത്താന്‍. പുരസ്‌കാരത്തിനുമപ്പുറം മികവുറ്റ സംഗീത സംവിധായകരുടെ പിന്തുടര്‍ച്ചക്കാരനായി മലയാള സംഗീതാസ്വാദകര്‍ എന്നേ ഹൃദയത്തിലേറ്റിയ സംഗീത സംവിധായകനാണ് മാസ്റ്റര്‍. 220 ഓളം സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കിയ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ‘ഭയാനകം’ എന്ന ജയരാജ് ചിത്രത്തിലെ സംഗീതത്തിനാണ് 2017 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകര്‍ന്നുകൊണ്ടാണ് എം കെ അര്‍ജുനന്‍ മാസ്റ്റര്‍ തന്റെ സംഗീത സംവിധാനം ആരംഭിക്കുന്നത്. തുടര്‍ന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകര്‍ന്നു. നാടകങ്ങളിലൂടെയായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍ സിനിമയിലെത്തിയത്. അതിന് നിമിത്തമായത് ദേവരാജന്‍ മാസ്റ്ററായിരുന്നു. 1969ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് ശ്രീകുമാരന്‍ തമ്പിയുടെ കൂട്ടുകെട്ടിലേക്ക് കടന്നുവരുന്നത്. കസ്തൂരി മണക്കുന്നല്ലോ കാറ്റേ.. (പിക്‌നിക്), പാടാത്ത വീണയും പാടും (റസ്റ്റ് ഹൗസ്), ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം (പുഷ്പാഞ്ജലി), മുത്തുകിലുങ്ങി മണിമുത്തു കിലുങ്ങി (അജ്ഞാതവാസം), സുഖമൊരു ബിന്ദു (ഇതു മനുഷ്യനോ), കുയിലിന്റെ മണിനാദം, പാലരുവി കരയില്‍ (പത്മവ്യൂഹം), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍), തിരുവോണപുലരിതന്‍ തിരുമുല്‍ കാഴ്ച (തിരുവോണം), ചെട്ടികുളങ്ങര ഭരണിനാളില്‍ (സിന്ധു), ആയിരം അജന്താ ശില്‍പങ്ങള്‍ (ശംഖുപുഷ്പം) തുടങ്ങിയവയൊക്കെ ഈ കൂട്ടുകെട്ടിലെ ചില ഹിറ്റ് ഗാനങ്ങള്‍ മാത്രം. സെല്ലുലോയ്ഡിനോട് തന്റെ അനുഭവങ്ങള്‍ക്കൊപ്പം ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രം കൂടെയാണ് മാസ്റ്റര്‍ പങ്കുവെയ്ക്കുന്നത്.

  • ഒരുപാട് കാലത്തെ സംഗീത അനുഭവ സമ്പത്ത് മാഷിന് മാത്രം അവകാശപ്പെട്ടതാണ്…എന്ത് തോന്നുന്നു?

ഞാന്‍ കലാജീവിതം ആരംഭിച്ചിട്ട് അറുപത് വര്‍ഷത്തോളമായി. ഒരുപാട് ദുഖവും സന്തോഷവും നിറഞ്ഞ കഥകളുമായൊക്കെ നടക്കുന്ന കാലഘട്ടത്തിലാണ് ആദ്യമായിട്ട് ഒരു നാടകത്തില്‍ ജോലി ചെയ്യുന്നത്. അതിനിടയില്‍ പാട്ടുകള്‍ തയ്യാറാക്കലും ഹാര്‍മോണിയം വായിക്കലും തുടങ്ങി ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവിടുന്ന് പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീത സംവിധാനം ചെയ്തു. അതേ വര്‍ഷം തന്നെ കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം നല്‍കി. ആ രണ്ട് നാടകങ്ങളോട്കൂടി പാട്ടുകളിഷ്ടപ്പെടുന്നവര്‍ക്കിടയില്‍ എന്നെ പറ്റി ഒരു സംസാരം ഉണ്ടായി. ശേഷം പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് വിളിക്കാന്‍ തുടങ്ങി. 1960കളിലാണ് ദേവരാജന്‍ മാസ്റ്ററുമായി ഞാന്‍ കണ്ടുമുട്ടുന്നത്. ദേവരാജന്‍ മാസ്റ്ററുടെ നിരവധി ഗാനങ്ങള്‍ക്ക് ഞാന്‍ ഹാര്‍മോണിയം വായിച്ചിരുന്നു. 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീത സംവിധാന രംഗത്തേക്ക് ഞാന്‍ വരുന്നത്.

  • ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണല്ലോ സുവര്‍ണ്ണ കാലഘട്ടം.

കറുത്ത പൗര്‍ണമിയിലെ പാട്ടുകള്‍ കേട്ടാണ് എന്നെ ശ്രീകുമാരന്‍ തമ്പി റസ്റ്റ് ഹൗസ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി 200 ലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പിയോടൊപ്പം ചെയ്യാന്‍ സാധിച്ചു. ഒരുപാട് പാട്ടുകള്‍ ഞങ്ങളൊരുമിച്ച് ചെയ്യാന്‍ പ്രധാനമായും ഒരു മനപ്പൊരുത്തം വേണം. എന്ത് കാര്യങ്ങളും ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും പറയാം. രണ്ടും പേരും വിട്ടുവീഴ്ച്ച ചെയ്തും സഹകരിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഈ പാട്ടുകളൊക്കെയും ഉണ്ടായത്.

  • കസ്തൂരി മണക്കുന്നല്ലൊ, പാടാത്ത വീണയും പാടും, നീലനിശീഥിനി തുടങ്ങിയ ഗാനങ്ങളൊക്കെ ഇപ്പോഴും റിയാലിറ്റി ഷോയില്‍ കുട്ടികള്‍ പാടുന്നുണ്ട്. ഇപ്പോഴുള്ള പാട്ടുകള്‍ കേള്‍ക്കാറുണ്ടോ? പാട്ടുകളില്‍ സാഹിത്യം നഷ്ടമായി എന്ന് തോന്നുന്നുണ്ടോ?

പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഞങ്ങളുടെ കാലഘട്ടത്തില്‍ പാട്ടുകള്‍ തയ്യാറാക്കുന്നത് കഥയും സന്ദര്‍ഭങ്ങളും പറഞ്ഞിട്ടാണ്. നല്ല കഥയുണ്ടെങ്കില്‍ മാത്രമേ നല്ല സാഹിത്യം ഉണ്ടാവൂ. അത്‌പോലെ നല്ല പാട്ടുകളുണ്ടാവൂ. ഇപ്പോള്‍ പാട്ടുകളില്‍ അങ്ങനെ കഥയില്ല. ആദ്യം ട്യൂണിടും. ആ ട്യൂണ്‍ അനുസരിച്ച് വരികളെഴുതും. നല്ല വരികള്‍ ഒത്തുകിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ പോവും. ആ ഗാനം പോപ്പുലറായാലും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ കുറേ ബുദ്ധിമുട്ടുണ്ടാവും. എന്നിട്ടും നല്ല പാട്ടുകള്‍ ഉണ്ടാവുന്നുണ്ട്.

  • പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ശ്രീകുമാരന്‍ തമ്പി, വയലാര്‍ തുടങ്ങിയവരുടെ കൂടെയൊക്കെ മാഷ് വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് രചയിതാക്കള്‍ക്ക് ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. രചിക്കുന്ന ആള്‍ക്ക് ബോധ്യപ്പെട്ട സിംഗര്‍ ആണ് മിക്കവാറും അന്നുണ്ടായിരുന്നത്. ആ കാലഘട്ടം ഇപ്പോള്‍ മാറിയെന്നു തോന്നുന്നു…?

ആ കാലം ഇന്ന് മാറിയിരിക്കുകയാണ്. അന്നത്തെപ്പോലെ ഒന്നിച്ചുള്ള ആലോചന ഇന്ന് ഇല്ല. ഡയറക്ടറും പ്രൊഡ്യൂസറുമാണ് ഇപ്പോള്‍ ആര് ഗാനം ചെയ്യണം, ആരെ വിളിക്കണം എന്നുള്ള എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത്. പണ്ട് അങ്ങനെയല്ല. പ്രൊഡ്യൂസേഴ്‌സ് നല്ല കഥാകൃത്തുക്കളെയും ക്യാമറാമാനേയും അഭിനേതാക്കളെയും അന്വേഷിച്ച് നടക്കും. ഇപ്പോള്‍ അതൊന്നും ഇല്ല. ഇപ്പോള്‍ അവര് നിശ്ചയിക്കും എല്ലാം.

  • ഒരുപാട് നിത്യഹരിത ഗാനങ്ങള്‍ ചെയ്ത് സജീവമായി നില്‍ക്കുന്ന സമയത്തൊന്നും കിട്ടാത്ത ഒരു അംഗീകാരം പോലെയാണ് ‘ഭയാനകം’ എന്ന ചിത്രത്തോടെ മാഷിനെ തേടിയെത്തിയത്. മാഷിന്റെ മുന്നേ ശിഷ്യന്‍മാരായി നില്‍ക്കുന്നവര്‍ പറഞ്ഞിട്ടുണ്ട് മാഷെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് നമുക്കെന്ത് സമ്മാനം കിട്ടാനാണെന്ന്. സംസ്ഥാന അവാര്‍ഡ് ഇത്ര വൈകിപ്പോയെന്ന് മാഷിന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..

ഭയാനകത്തില്‍ സംഗീതം ചെയ്യുമ്പോള്‍ ഒരു പ്രത്യേക വികാരമായിരുന്നു. സാധാരണ ഉണ്ടാക്കുന്ന പാട്ടുകള്‍ പോലെയല്ല. അതിന്റെ കഥയും വ്യത്യസ്ഥം. അങ്ങനെയാണ് ഭയാനകത്തിലെ പാട്ട് ചെയ്യുന്നത്. പ്രണയം, ദുഖം എന്നിവയെല്ലാം ഉണ്ടെങ്കിലും പാട്ടിനെ പോലെയായിരിക്കണം. കൂടുതല്‍ സന്തോഷം വേണ്ട, കൂടുതല്‍ മെലഡിയും വേണ്ട സാധാരണക്കാരന്‍ പാടുന്നൊരു പാട്ടായിരിക്കണം.. അപ്പോള്‍ ഞാന്‍ ജയരാജിനോട് ചോദിച്ചു ഇത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടണ്ടേ എന്ന്. അപ്പോള്‍ ജയരാജ് എന്നോട് പറഞ്ഞു ജനങ്ങള്‍ ഇഷ്ടപ്പെട്ടോളും കുഴപ്പമില്ലെന്ന്. ജയരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാട്ടുകള്‍ ഉണ്ടാക്കിയത്. ആ പാട്ടിന് അവാര്‍ഡും ലഭിച്ചു. ഇത്രയും കാലം ഞാന്‍ സിനിമയില്‍ ജോലി ചെയ്തിട്ടും എനിക്ക് അത് വരെയും അവാര്‍ഡ് ലഭിച്ചിട്ടില്ല. ജയരാജിന്റെ ഭയാനകത്തില്‍ സംഗീതം ചെയ്തപ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടി. അതൊരു വലിയ അംഗീകാരം തന്നെയാണ്. ഒരിക്കലും മറക്കാനാവുന്ന ഒരു നിമിഷമായിരുന്നില്ല. ഞാനും തമ്പി സാറും ജയരാജ് സാറും ചേര്‍ന്നിരുന്ന് പാട്ടുകള്‍ ഉണ്ടാക്കി. ഒരുപാട് ട്യൂണ്‍ ഇട്ടതിന്‌ശേഷമാണ് ഇപ്പോള്‍ അവാര്‍ഡിന് പരിഗണിച്ച പാട്ട് തയ്യാറാക്കിയത്.

  • എ.ആര്‍ റഹ്മാന്‍ സാറിനെ അവതരിപ്പിക്കുന്നത് മാഷ് തന്നയല്ലെ..?

അതെ. അദ്ദേഹത്തെ ഞാന്‍ വളരെ ചെറുപ്പം മുതല്‍ കാണുന്നതാണ്. 1968ല്‍ ഞാന്‍ ആദ്യമായിട്ട് സിനിമയ്ക്കായി മദ്രാസില്‍ പോയി. അവിടുന്ന് ഞാന്‍ ദേവരാജന്‍ മാഷോട് പറഞ്ഞു എനിക്ക് മദ്രാസ് വലിയ പരിചയമൊന്നുമില്ല, അത്‌കൊണ്ട് എനിക്ക് സഹായിയായി ഒരാളെ വേണമെന്ന്. അങ്ങനെ ദേവരാജന്‍ മാഷാണ് റഹ്മാന്റെ അച്ഛന്‍ ആര്‍.കെ ശേഖറിനെ പരിചയപ്പെടുത്തുന്നത്. അതൊരു വലിയ സ്‌നേഹബന്ധം തന്നെയായിരുന്നു. മിക്ക ദിവസവും രാത്രിയാവും കംപോസ് ചെയ്ത്‌പോകാന്‍. ഹോട്ടലിലേക്ക് ശേഖറിന് വരാന്‍ പറ്റിയില്ലെങ്കില്‍ എന്നോട് പറയും നമുക്ക് വീട്ടിലിരുന്നു കംപോസ് ചെയ്യാമെന്ന്. അന്ന് റഹ്മാന് പന്ത്രണ്ട് വയസ്സിനടുത്തായിരുന്നു പ്രായം. ഞങ്ങള്‍ ഈണമിടുമ്പോള്‍ ഈ പയ്യന്‍ വന്ന് ഞങ്ങള്‍ കംപോസ് ചെയ്യുന്നത് കേട്ടിരിക്കും. ഞങ്ങള്‍ പുറത്തേക്ക് പോയാല്‍ കംപോസിനിട്ടിരിക്കുന്ന പാട്ട് കീബോര്‍ഡില്‍ പതിവായി വായിച്ച്‌നോക്കും. പിയാനോ ക്ലാസിന് പോകാറുണ്ടായിരുന്നു അവന്‍. പിയാനോ ക്ലാസ് കഴിഞ്ഞ് വന്നാല്‍ പിന്നെ കീബോര്‍ഡിലാണ് ബാക്കി പരിപാടി..(ചിരിക്കുന്നു). ഒരു കൂട്ടുകെട്ടില്ല, പഠിത്തവും കുറവാണ്. മ്യൂസിക്കാണ് അവന് ഏറ്റവും ഇഷ്ടം. 1976 ല്‍ ആര്‍.കെ ശേഖര്‍ വിട പറഞ്ഞു കുറച്ച്കാലം കഴിഞ്ഞപ്പോള്‍ റഹ്മാന്റെ അമ്മ പറഞ്ഞു ഈ പയ്യനെ ഒന്നു സ്റ്റുഡിയോയില്‍ കൊണ്ടുപോയി പരിചയപ്പെടുത്തണം. അവന്‍ വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട് സംഗീതത്തില്‍ എന്ന്. 1981 ല്‍ ‘അടിമച്ചങ്ങല’ എന്ന സിനിമയിലെ ഗാനത്തിന് ഞാന്‍ റഹ്മാനെക്കൊണ്ട് കീബോര്‍ഡ് വായിപ്പിച്ചു. അതിന് ശേഷം ഞാന്‍ എന്റെ എല്ലാ സിനിമയിലും അവനെ കീബോര്‍ഡ് വായിപ്പിക്കാന്‍ കൊണ്ടുപോകും. ശേഷം അവനെ മറ്റ് സംഗീത സംവിധായകരും വിളിക്കാന്‍ തുടങ്ങി. അന്ന് ‘പഠിക്കുന്ന പയ്യനെ കൊണ്ടുപോയി സിനിമാ രംഗത്ത് കീബോര്‍ഡ് വായിപ്പിച്ച് നശിപ്പിക്കും’ എന്ന് പറഞ്ഞ്് എന്നെ ഒരുപാട്‌പേര്‍ വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് റഹ്മാന്‍ എവിടെയെത്തി..!

  • ഒരു കമ്പ്യൂട്ടര്‍ മാത്രമുണ്ടെങ്കില്‍ പാട്ടുകളും ട്രാക്കുകളും ഉണ്ടാക്കാന്‍ പറ്റുന്ന കാലമാണ്. എങ്ങനെയാണ് ഈ രണ്ട് കാലഘട്ടത്തെയും മാഷ് നോക്കുന്നത്.

ഞങ്ങളുടെ കാലത്ത് ലൈവായിട്ടായിരുന്നു വായിച്ചിരുന്നത്. കഥാപാത്രത്തിനും പശ്ചാത്തലത്തിനും അനുസരിച്ചുള്ള മ്യൂസിക്ക് ഇന്‍സ്ട്രുമെന്റ്‌സൊക്കെയാണ് ഉപയോഗിച്ചത്. ഉദാഹരണത്തിന് ഇപ്പോള്‍ അമ്പലത്തിന്റെ ചുറ്റുപാടുകള്‍ കാണിക്കുമ്പോള്‍ അതിന്റെതായ സംഗീതം ഇടണം. അല്ലാതെ വെസ്‌റ്റേണായിട്ടുള്ള മ്യൂസിക്ക് ഉപയോഗിക്കില്ലല്ലോ. ഇന്നിപ്പോള്‍ അങ്ങനെ ഉപയോഗിക്കുന്നില്ല. ചെയ്യുന്നവരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ലല്ലൊ.. അവരെകൊണ്ട് ചെയ്യിപ്പിക്കുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അതായിരിക്കും. അതിനെ ഇഷ്ടപ്പെടുന്നവര്‍ ഭയാനകത്തിനെയും ഇഷ്ടപ്പെട്ടു.

  • ഗാനങ്ങള്‍ക്ക് സംതൃപ്തി തോന്നുന്നത്?

ഒരു കവിതയ്ക്ക് എട്ടോളം ട്യൂണ്‍ വരെ ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിലുള്ളത് എന്താണെന്ന് അറിഞ്ഞ് കിട്ടിയാലും അത് നന്നായിട്ട് ചെയ്താല്‍ മതി എന്ന് പറയില്ല. ഇനി രണ്ടെണ്ണം കൂടി ചെയ്യണമെന്ന് പറയും. ഇതിപ്പോള്‍ നല്ലതാണ് ഇത്‌പോലുള്ള രണ്ടെണ്ണം കൂടി എന്ന് പറയും. അങ്ങനെ സമയം പോയിക്കൊണ്ടിരിക്കും. അപ്പോള്‍ ഏതാണ് നല്ലതെന്ന് പറയാന്‍ പറ്റില്ല. ഒരുപാട് നൊമ്പരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

  • ‘നാലുകാലുള്ളൊരു’ പോലുള്ള ഫാസ്റ്റ് ഗാനങ്ങളും ഒട്ടേറെയുണ്ട് ?

കിട്ടുന്ന കവിത അനുസരിച്ച് വേണ്ടുന്ന താളത്തിലേക്ക് മാറ്റും. ‘നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനെ’ എന്ന ഗാനത്തിന്റെ സന്ദര്‍ഭം പറയുമ്പോള്‍ ഇങ്ങനെ വേണം എന്ന് നമുക്ക് മനസ്സില്‍ തോന്നും..(നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനെ എന്ന ഗാനം പാടുന്നു).

  • നാടകമാണോ കൂടുതല്‍ സംതൃപ്തി നല്‍കിയത്. അല്ലെങ്കില്‍ സിനിമയാണോ?

സിനിമ എന്ന് പറയുന്നത് ഭയങ്കര പബ്ലിസിറ്റിയാണ്. നാടകത്തില്‍ തന്നെ എത്രയോ നല്ല നല്ല പാട്ടുകളുണ്ട്. പക്ഷെ ആരും അറിയുന്നില്ല. വളരെ ചുരുങ്ങിയ പാട്ടുകളെ റെക്കോര്‍ഡ് ചെയ്തിട്ടുള്ളൂ. സിനിമയില്‍ അങ്ങനെയല്ല പബ്ലിസിറ്റിയാണ്. സിനിമയുടെ പേര് പറയുമ്പോള്‍ തന്നെ പരസ്യമായി, പത്രത്തിലും റേഡിയോയിലുമെല്ലാം വരും. നാടകത്തിന് അങ്ങനെയൊന്നുമില്ലല്ലോ?.

  • ഒട്ടേറെ ഗായകരുടെ ശബ്ദം മാഷ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാഷെ വിസ്മയിപ്പിച്ച ശബ്ദങ്ങള്‍ ഏതൊക്കെയാണ്.

ഞാന്‍ ഇഷ്ടപ്പെടുന്നത്‌പോലെ തന്നെ ജനങ്ങളും ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ പാടിപ്പിച്ചിട്ടുള്ളത് യേശുദാസിനെക്കൊണ്ടാണ്. യേശുദാസിന്റെ ശബ്ദം ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ പ്രൊഡ്യൂസേര്‍സിന് യേശുദാസിനെ വേണം. ഡിസ്ട്രിബ്യൂട്ടേര്‍സിനും കേള്‍വിക്കാര്‍ക്കുമെല്ലാം യേശുദാസിനെ വേണം.

  • പുതിയ കാലത്തെ പാട്ടുകാരെ മാഷ് കേള്‍ക്കാറുണ്ടോ…കൂടുതലായും താല്‍പ്പര്യം തോന്നിയത്.

എനിക്ക് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ പാട്ടുകള്‍ ഇഷ്ടമാണ്. ഒരുപാട് നല്ല പാട്ടുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ഉണ്ടാവാറുണ്ട്. ഔസേപ്പച്ചന്റെ പാട്ടുകളും ഇഷ്ടമാണ്. എല്ലാവരും മിടുക്കന്‍മാരാണ്.

  • പുതിയ ഗായകര്‍ക്ക് ഒരുപാട് അവസരങ്ങളുണ്ട് ഇപ്പോള്‍. അതിനെക്കുറിച്ച്..

പുതിയ ആള്‍ക്കാര്‍ വരണമെന്നാണ് എന്റെ ആഗ്രഹം. ഇതില്‍ വളരെ പ്രധാനം ദൈവാനുഗ്രഹമാണ്. നമ്മള്‍ എത്ര പ്രയത്‌നിച്ചാലും എന്ത് ചെയ്താലും ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ അത് ഇഷ്ടപ്പെടുകയുള്ളു. പാട്ട് കേള്‍ക്കാനും ജനങ്ങള്‍ക്കിഷ്ടപ്പെടാനും ദൈവാനുഗ്രഹം തന്നെ ഉണ്ടാവണം.

  • സംഗീതം പഠിച്ച ആളുകളാണ് മുന്‍പ്കാലത്ത് കൂടുതലായും സംഗീതം ചെയ്ത്‌കൊണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ സംഗീതം പഠിക്കാതെ തന്നെ ഒരുപാട് മ്യൂസിക്ക് ഡയറക്ടേഴ്‌സ് വരുന്നു. മാഷിന് എന്താണ് തോന്നുന്നത്.

പാട്ട് പഠിക്കാതെ വരുന്നത് ദൈവാനുഗ്രഹമാണ്. ഒരുപാട് പാട്ടുകാരും മ്യൂസിക്ക്് ഡയറക്ടേഴ്‌സും വരുന്നുണ്ട്. അതിന് പറയുക ഗുരുത്വം, ദൈവാനുഗ്രഹം എന്നാണ്. അവരെന്ത് പറഞ്ഞാലും ജനങ്ങള്‍ ഇഷ്ടപ്പെടും. ഭാഗ്യമില്ലാത്തവന്‍ എന്ത് ചെയ്താലും കാര്യമില്ല.