ഫഹദും അന്‍വര്‍ റഷീദും ഇത്തവണ രണ്ടും കല്‍പ്പിച്ച്‌ ..! വാര്‍ത്തകളില്‍ നിറഞ്ഞ് ട്രാന്‍സിന്റെ ആദ്യ പോസ്റ്റര്‍..

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ഉസ്താദ് ഹോട്ടലിന്റെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ കാത്തിരിപ്പുയര്‍ത്തിയ തന്റെ രണ്ടാം ചിത്രവുമായി തിരിച്ചെത്തുകയാണ് സംവിധായകന്‍ അന്‍വര്‍ റഷീദ്. ഏകദേശം രണ്ട് വര്‍ഷത്തിന് മുന്‍പ് നടന്ന പ്രഖ്യാപനം തൊട്ട് ഒന്നര വര്‍ഷത്തിലേറെ വിവിധ ഷെഡ്യൂളുകളിലായി നടന്ന ചിത്രീകരണത്തിന്റെയും താരനിരയുടെയും വാര്‍ത്തകള്‍ക്ക് ശേഷം ഞെട്ടിക്കുന്ന ചില പുതിയ അറിയിപ്പുകളുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ഫഹദിന്റെ ഒരു കിടിലന്‍ ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്കിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയ്യതിയും പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്‍. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തും.

ഏറെ വ്യത്യസ്ഥമായ താരനിരയും മറ്റ് സാങ്കേതിക വിഭാഗങ്ങളിലുള്ള പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് പ്രഖ്യാപനസമയം മുതല്‍ സവിശേഷ ശ്രദ്ധ ലഭിച്ച പ്രോജക്ട് ആണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തില്‍ നസ്രിയയാണ് നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി തുടങ്ങി ഒരു വന്‍ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദും സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വഹിക്കുന്നത്. ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ വീണ്ടും തന്റെ വ്യത്യസ്ഥമായ ഫ്രെയ്മുകളുമായിയെത്തും എന്നത് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയന്‍ നിര്‍വഹിക്കും. കന്യാകുമാരി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് അന്‍വര്‍ റഷീദ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.