ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ചിത്രീകരണം പുരോഗമിക്കുന്നു….

ഇന്ദ്രജിത്ത് സുകുമാരന്‍ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന സിനിമ  ‘അനുരാധ Crime No.59/2019’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാന്‍ തുളസീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടേതാണ്.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സിനിമയുടെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍വ്വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.