‘അനുഗ്രഹീതന്‍ ആന്റണി’ ആമസോണ്‍ ഇന്ത്യയിലെത്തി

സണ്ണി വെയിന്‍ കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിച്ച അനുഗ്രഹീതന്‍ ആന്റണി ആമസോണ്‍ ഇന്ത്യയില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. സണ്ണി വെയിന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ആന്റണിക്ക് നല്‍കിയ സ്നേഹത്തിന് താരം നന്ദി അറിയിക്കുകയും ചെയ്തു.

‘ആന്റണിക്ക് നല്‍കിയ സ്നേഹത്തിന് ഒരായിരം നന്ദി. ആന്റണി നിങ്ങളെ കരയിച്ചുവെന്ന് ഒരുപാട് ഫോണ്‍ കോളുകളും മെസേജുകളും വന്നു. പക്ഷെ ഇത് സിനിമ മാത്രമാണ്. അതൊരു മാജിക്കാണ്.’

സണ്ണി വെയിന്‍

അനുഗ്രഹീതന്‍ ആന്റണിയുടെ യുഎസ് റിലീസിന് പിന്നാലെ ഇന്ത്യയില്‍ ചിത്രത്തിന്റെ പൈറേറ്റട് കോപികള്‍ ഇറങ്ങിയിരുന്നു. അതേ തുടര്‍ന്നാണ് ഉടന്‍ തന്നെ ചിത്രം ആമസോണ്‍ ഇന്ത്യയിലും റിലീസ് ചെയ്തത്. പൈറസിയെ ആരും തന്നെ പിന്തുണയ്ക്കരുതെന്നും ചിത്രം ഉടന്‍ ഇന്ത്യയിലെത്തുമെന്നും സണ്ണി വെയിന്‍ അറിയിച്ചിരുന്നു.

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്‍ട്ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട്ട് ഡയറക്ടറുമാണ്. ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്.

ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു അനുഗ്രഹീതന്‍ ആന്റണി. മികച്ച പ്രതികരണമായിരുന്നു അന്ന് ലഭിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ചിത്രം കാണാനുള്ള അവസം ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്.ചിത്രം റിലീസ് ചെയ്ത സമയത്തില് തീയറ്ററുകളില്‍ ഹൗസ് ഫുല്‍ ആയിരുന്നു ഷോ.