‘പാതി വെന്ത മാലിക്’

മാലിക് എന്ന മഹേഷ് നാരായണന്‍ ചിത്രത്തെ കുറിച്ചുള്ള ചൂടേറിയ വര്‍ത്തമാനങ്ങളാണ് എങ്ങും. സിനിമയെ ഫിക്ഷനായി മാത്രം വിലയിരുത്തണമെന്നും അതിനപ്പുറത്തേക്ക് കൊണ്ടു പോകരുതെന്നുമുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുമ്പോള്‍ ചരിത്രത്തോട് നീതി പുലര്‍ത്താതെ സിനിമയൊരുക്കിയെന്ന വിമര്‍ശനമാണ് മറുവശത്തുയരുന്നത്. ഫിക്ഷന്‍ ഒരിയ്ക്കലും ചരിത്രമാകില്ലെന്നും അല്ലെങ്കില്‍ ചരിത്രത്തില്‍ വിട്ടുപോയതിനെ പൂരിപ്പിക്കാനുള്ള ഉപാധിയാക്കാനാകില്ലെന്നുമൊക്കെയുള്ള വസ്തുതയെ അംഗീകരിച്ചാലും സിനിമയെന്ന നിലയില്‍ പോലും മാലിക് അവസാനിയ്ക്കുമ്പോള്‍ പാതിവെന്ത ചിത്രമെന്ന അനുഭവമാണ് നല്‍കുന്നത്. ബീമാപള്ളിയിലെ യഥാര്‍ത്ഥ സംഭവവുമായി മാലികിന് ബന്ധമില്ലെന്നും ഫിക്ഷനാണെന്നും സംവിധായകന്‍ തുറന്ന് പറയുമ്പോള്‍ തീരേണ്ട ചര്‍ച്ച എന്ത് കൊണ്ടാണ് അവസാനിക്കാത്തത്?. ഉത്തരം ലളിതമാണ്, എഴുതിയ വരികളേക്കാള്‍ വെള്ളിത്തിരയിലെ കാഴ്ച്ചകളുടെ തീവ്രതയേറെയാണ്. അതുകൊണ്ട് തന്നെ അത്തരം കാഴ്ച്ചകൡമേലുണ്ടാകുന്ന സംവാദങ്ങളുടെ ചൂടും അത്തരത്തിലുള്ളതാകും.

കള്ളക്കടത്ത്, തീവ്രവാദം, ദ്വീപിനെ ഒളിതാവളമാക്കല്‍ എന്നെല്ലാം സിനിമ പറയുന്നുവെന്നും എന്നാല്‍ ഇതൊന്നുമല്ല ഇസ്ലാം എന്ന വിമര്‍ശനം, ക്രിസ്ത്യാനികളെ മുഴുവന്‍ വില്ലന്‍മാരാക്കി ചിത്രീകരിച്ചുവെന്ന വിമര്‍ശനം, അന്യമതസ്തരുടെ ആരാധനാലയും എച്ചില്‍ കൂമ്പാരമാക്കുന്നവര്‍…ഇങ്ങനെ സിനിമയെ ഓരോ ലെയറുമെടുത്ത് ഇഴക്കീറി പരിശോധിച്ച നിരീക്ഷണങ്ങളാണുണ്ടാകുന്നത്. സത്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വല്ല പ്രസക്തിയുമുണ്ടോ?. അല്ലെങ്കില്‍ മഹേഷ്‌നാരായണന്‍ എന്ന സംവിധായകന്‍ ഇത്തരമേതെങ്കിലുമൊരു രാഷ്ട്രീയത്തിന്റെ പക്ഷം പിടിക്കുന്ന വ്യക്തിയോ, അല്ലെങ്കില്‍ സംഘടനയുടേയോ ആളാണോ?. അങ്ങനെ സൂക്ഷ്മനിരീക്ഷണങ്ങള്‍ പലതലങ്ങളിലേയ്ക്ക് നീങ്ങുകയാണ്. ആത്യന്തികമായി ഒരു കലാകാരന്‍ എന്നതിനപ്പുറത്തേക്ക് ഒരു ഐഡന്റിറ്റിയും ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സിനിമയെ വിമര്‍ശിക്കാമെന്നിരിക്കെയെങ്കിലും അപകടകരമായ രീതിയില്‍ ചര്‍ച്ചകള്‍ വഴിതിരിഞ്ഞുപോകുന്നുവെന്നതാണ് ഖേദകരം.

ജീവിക്കാന്‍ ഗതിയില്ലാത്ത പച്ചയായ മനുഷ്യര്‍ ഒരുകാലത്തും കലാപമുണ്ടാക്കിയിട്ടില്ലെന്നത് വസ്തുതയാണ്. നാട്ടില്‍ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പോലീസും ചേര്‍ന്നാണ് എന്ന് പറയാനാണ് സംവിധായകന്‍ ഉദ്ദേശിച്ചത് എന്നു അനുമാനിക്കാം. ചരിത്രത്തില്‍ സമാനമായ സംഭവമുണ്ടെന്നിരിക്കെ അത്തരമൊരു ശ്രമം നടത്തുമ്പോള്‍ പാലിക്കേണ്ടുന്ന സൂക്ഷ്മതയോ ജാഗ്രതയോ ചിത്രത്തിലുണ്ടായില്ല. സിനിമ ഫിക്ഷന്‍ ആക്കാനുള്ള ശ്രമത്തില്‍ പറഞ്ഞ പല ഉപകഥകളും പ്രേക്ഷകര്‍ക്ക് പലപ്പോഴും ദഹിച്ചില്ലെന്ന് മാത്രമല്ല അരുചിയായും അനുഭവപ്പെട്ടു. സ്‌കൂളില്‍ എല്ലാവരും പഠിയ്ക്കട്ടെ എന്ന് പറയുന്ന കഥാപാത്രം തന്നെ പിന്നീട് വര്‍ഗ്ഗീയമായി സംസാരിക്കുന്നത് മുതല്‍ ചിത്രത്തിലുടനീളം കലാപത്തിന് അരങ്ങൊരുക്കാനുള്ള സംവിധായകന്റെ ശ്രമങ്ങളെല്ലാം തന്നെ കൈപൊള്ളിയ അവസ്ഥയാണ് മാലികിന്റെ ആകെ തുക. വളരെ സൗഹാര്‍ദത്തിലുള്ള ഫഹദ് അവതരിപ്പിച്ച സുലൈമാനും വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തേയും തമ്മില്‍ അകറ്റാനുള്ള തിരക്കഥയിലേയും ചിത്രീകരണത്തിലേയും അപക്വമായ സമീപനം പ്രേക്ഷകരെ ഏകപക്ഷീയമായി ചിന്തിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. റമദാപള്ളിയെ വരവേല്‍ക്കാന്‍ കൈ നിവര്‍ത്തി നില്‍ക്കുന്ന ഈശോവാണിതെന്ന് പറഞ്ഞ സുലൈമാന്‍ മകനെ ഇസ്ലാമാക്കി വളര്‍ത്താന്‍ നിര്‍ബന്ധം പിടിക്കുന്നതടക്കമുള്ള ഈ വൈരുധ്യം ചിത്രത്തിലുടനീളിം കാണാം. ഒരു വശത്ത് കള്ളക്കടത്തിലൂടെ പാവങ്ങളുടെ തുണയായി മാറിയ സുലൈമാനെ സൂപ്പര്‍ ഹീറോയാക്കുമ്പോള്‍ തന്നെ മിശ്രവിവാഹിതനായ സുലൈമാന് റമദാപള്ളി ഇളവനുവദിക്കുന്നത് പോലും സിനിമയ്ക്ക് വേണ്ടിയാണെങ്കിലും യുക്തിഭദ്രമല്ല. രാഷ്ട്രീയക്കാരനാണോ, തീവ്രവാദിയാണോ,അധികാരമാണോ, എന്നൊന്നും തരിച്ചറിയാനാകാത്ത ദിലീഷ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സിനിമയുടെ ഓരോ ഘട്ടങ്ങളിലും മാലികിന് മനസ്സിലാകുന്നുണ്ടെങ്കിലും എന്തുചെയ്യാം. മാലികിന്റേയും സംവിധായകന്റേയും നിസ്സഹായാവസ്ഥ കണ്ടിരിക്കേണ്ട അവസ്ഥയിലാവുകയാണ് പ്രേക്ഷകര്‍. പോലീസിന്റെ ഉദ്ദേശ്യ ശുദ്ധിമുതല്‍ സബ്കളക്ടറുടെ ലക്ഷ്യം എന്തായിരുന്നുവെന്നതുള്‍പ്പെടെ ഇത്തരമൊരു അപൂര്‍ണ്ണത എല്ലാത്തിലും ബാക്കി വെച്ചപ്പോള്‍ പ്രേക്ഷകരുടെ വായനയെന്നത് പിന്നീട് തങ്ങള്‍ക്കിഷ്ടമില്ലാത്തതും ഇഷ്ടമുള്ളതുമായ വിവിധയിടങ്ങളിലേക്ക് ചുരുങ്ങി പോയി. ആത്യന്തികമായി പണവും, അധികാരവും, നിലനിര്‍ത്താന്‍ പച്ചമനുഷ്യരെ കലാപതീയിലേക്ക് വലിച്ചെറിയുന്നുവെന്ന് സൂചിപ്പിക്കാന്‍ സംവിധായകനുപയോഗിച്ച ടൂളുകളെല്ലാം തന്നെ പിന്നീട്‌ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് മാലിക്.

മുസ്ലിം തീവ്രവാദത്തെ കുറിച്ചും ഇസ്ലാമോഫോബിയയെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലത്ത് ഇത്തരമൊരു കഥ പറയുമ്പോള്‍ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവെച്ച പോലെയുള്ള ശില്‍പ്പങ്ങളാകണമെന്ന് സംവിധായകന്‍ തീരുമാനിക്കണമായിരുന്നു. സംവിധായകന്‍ പറയാനുദ്ദേശിച്ചതിനുമപ്പുറത്തേക്ക് അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങളിലേക്ക് ആ കഥാപാത്രങ്ങളെ ഒരാള്‍ക്കും മാറ്റിക്കെട്ടാന്‍ അവസരം നല്‍കരുതായിരുന്നു. സിനിമയുടെ ക്യാമറ, അഭിനയം എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നിവയ്‌ക്കെല്ലാം പ്രാധാന്യ്ം നല്‍കിയപ്പോള്‍ അത്തരത്തിലുള്ള ഉറപ്പുള്ള തിരക്കഥ കൂടെയാണ് മാലിക് ആവശ്യപ്പെട്ടത്. റമദാപള്ളി പോലുള്ള വളരെ സെന്‍സിറ്റീവായ പല ഇടങ്ങളും പല പേരുകളില്‍ കേരളത്തിലിപ്പോഴും ഉറങ്ങുന്നുണ്ടെന്ന ബോധത്തില്‍ നിന്ന് വേണമായിരുന്നു മാലികിന്റെ ഓരോ ഫ്രെയ്മും തെളിയേണ്ടതെന്ന ഏക വിമര്‍ശനമാണുള്ളത്. മാല പാര്‍വതി പറഞ്ഞത് പോലെ, ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ!. നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്രൃമാണ്.