“സംഘടനയെ നയിക്കുന്നവർ ന്യായത്തിനൊപ്പം നിൽക്കാതിരിക്കുമ്പോൾ അവിടെ അരാജകത്വം ഉണ്ടാകും”; ആരോപണങ്ങളിൽ പിന്നോട്ടില്ലെന്ന് അൻസിബ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിനെതിരെ ഉന്നയിച്ച പരാതികളിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. താൻ ഉന്നയിച്ച പരാതികളിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഘടനയിലെ ചില വ്യക്തികളുടെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും നടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാരവാഹികൾക്ക് സംഘടനാ പാടവത്തോടൊപ്പം കരുണയും മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സും ഉണ്ടാകണം. സംഘടനയെ നയിക്കുന്നവർ ന്യായത്തിനൊപ്പം നിൽക്കാതിരിക്കുമ്പോൾ അവിടെ അരാജകത്വം ഉണ്ടാകുമെന്നും അൻസിബ കൂട്ടിച്ചേർത്തു.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അൻസിബ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്നും തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നുമാണ് നടിയുടെ പ്രധാന ആരോപണം. ‘അമ്മ’ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതിയിലുണ്ടായ തർക്കങ്ങളാണ് ഈ വിവാദങ്ങൾക്ക് വഴിവെച്ചത്.

വിഷയത്തിൽ തന്നോട് വിശദീകരണം ചോദിച്ചുള്ള നോട്ടീസിന് മറുപടി നൽകിയിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് അൻസിബ പറഞ്ഞു. വിശദീകരണം ചോദിച്ചതിൽ വിവേചനമുണ്ടോ എന്ന ചോദ്യത്തിന്, എന്താണ് സംഭവിക്കുന്നതെന്ന് കാണുന്ന പൊതുജനങ്ങൾക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്നായിരുന്നു നടിയുടെ പ്രതികരണം.

താൻ ഉന്നയിച്ച കാര്യങ്ങളിൽ സത്യം തെളിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനെ തന്റെ മാത്രം പ്രശ്നമായി കാണുന്നില്ല. കേരളം സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ നല്ലൊരു സമൂഹമാണ്. ആ സന്തോഷം എല്ലാവർക്കും ഉണ്ടാകണമെന്നാണ് ആഗ്രഹം. ഈ വിഷയത്തിൽ പൊതുസമൂഹം ശരിയായ രീതിയിലാണ് പ്രതികരിച്ചത്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ന്യായത്തിനൊപ്പം നിന്ന മലയാളികളോട് നന്ദിയുണ്ടെന്നും അൻസിബ വ്യക്തമാക്കി.