
നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽനിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയുമാണ് അവർ ഒഴിഞ്ഞത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തന്റെ തീരുമാനമെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ച രാജിക്കത്തിൽ ഗൗതമി വ്യക്തമാക്കി. കടുത്ത വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും ഇനി ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽ സമയം ചെലവഴിക്കുമെന്നും വ്യക്തമാക്കിയുള്ള രാജിക്കത്തിന്റെ വിശദാംശങ്ങൾ അവർ എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ടിട്ടുണ്ട്.
തനിക്ക് പിന്തുണ നൽകിയ മുൻ മന്ത്രിമാർക്കും ഭാരവാഹികൾക്കും അവർ നന്ദിയും അറിയിച്ചു. മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും കൂട്ടത്തോടെ അണ്ണാ ഡി.എം.കെ. വിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഗൗതമിയുടെയും അപ്രതീക്ഷിത രാജി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ഗൗതമി താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അവർ സജീവമായിരുന്നു.
ബി.ജെ.പി.യുമായുള്ള കാൽനൂറ്റാണ്ട് കാലത്തെ നീണ്ട ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലായിരുന്നു ഗൗതമി അണ്ണാ ഡി.എം.കെ.യിൽ ചേർന്നത്. കോടിക്കണക്കിന് രൂപയുടെ തന്റെ സ്വത്തുക്കൾ വ്യാജരേഖകളിലൂടെ തട്ടിയെടുത്ത അഴകപ്പൻ എന്നയാളെ ചില മുതിർന്ന ബി.ജെ.പി. നേതാക്കൾ പരസ്യമായി പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചായിരുന്നു അന്ന് ബി.ജെ.പി. വിട്ടത്. തുടർന്ന് അണ്ണാ ഡി.എം.കെ.യിൽ എത്തിയ ഉടൻ തന്നെ അവർക്ക് ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയും പാർട്ടി നൽകിയിരുന്നു.