
താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, നടി അൻസിബ ഹസൻ നേരിടുന്നത് കടുത്ത നീതികേടാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ രംഗത്ത്. നിലവിലെ കോലാഹലങ്ങളിൽ യഥാർത്ഥ ഇര അൻസിബയാണെന്നും എല്ലാവരോടും സൗമ്യമായി പെരുമാറുന്ന ഒരു സാധു സ്ത്രീയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സംഘടനയെ തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അൻസിബയ്ക്ക് ‘അമ്മ’ കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, അൻസിബയ്ക്ക് പുറമെ നടി നീന കുറുപ്പ് അടക്കമുള്ളവർക്കും സംഘടന നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ഷാജൻ സ്കറിയ വെളിപ്പെടുത്തുന്നത്. അതേസമയം സമാനമായ രീതിയിൽ പ്രതികരിച്ച മല്ലിക സുകുമാരന് നോട്ടീസ് നൽകാത്തതിൽ മറ്റ് നടിമാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. നിലവിൽ ‘അമ്മ’യിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഇരുപക്ഷത്തും വീഴ്ചകളുണ്ടെന്നും ആരുടെയും ഭാഗം ചേർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ എന്നിവരുമായി അൻസിബയ്ക്കുള്ള വ്യക്തിപരമായ തർക്കങ്ങളാണ് പ്രശ്നങ്ങൾ ഇത്രത്തോളം വഷളാക്കിയത്. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിച്ചെന്ന ആരോപണവുമായി അൻസിബ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അൻസിബ ഇത് നേരിട്ട് കേട്ടിട്ടില്ലെന്നും നീന കുറുപ്പ് പറഞ്ഞറിഞ്ഞ കാര്യമാണെന്നുമാണ് വിവരം. കടവന്തറ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം അൻസിബ നൽകിയ പരാതി പരിശോധിച്ച ഉദ്യോഗസ്ഥർ, ഇതിൽ കേസ് എടുക്കാൻ തക്കതായ ഒന്നുമില്ലെന്ന് കണ്ട് തലയിൽ കൈവെച്ചു പോയെന്നാണ് ഷാജൻ സ്കറിയ പറയുന്നത്. എന്ത് പറയണം പറയേണ്ടതില്ല എന്ന് തിരിച്ചറിവില്ലാത്ത വിടുവായനായ ടിനി ടോമിന്റെ തമാശകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും, ടിനിയുടെ ഈ നാട്യമാണ് അദ്ദേഹത്തെ പലപ്പോഴും കുഴിയിൽ ചാടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുഭാഗത്ത്, നടി ലക്ഷ്മിപ്രിയയുമായുള്ള തർക്കവും വലിയ രീതിയിൽ മാറിയിട്ടുണ്ട്. ദുബായിൽ വെച്ച് ലക്ഷ്മിപ്രിയ ചിലർക്കൊപ്പം എടുത്ത ചിത്രങ്ങളെക്കുറിച്ച് അൻസിബ ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. അൻസിബ അയച്ച ഒരു ശബ്ദസന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിച്ചുവെന്ന് കാട്ടി ലക്ഷ്മിപ്രിയ പോലീസിൽ പരാതി നൽകി. ഇതിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യാൻ വിളിച്ച വരുത്തിയപ്പോൾ, വനിതാ എസ്.ഐ തന്നെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അൻസിബയും ലക്ഷ്മിപ്രിയയെ പ്രതിയാക്കി പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്.
ഇരുവിഭാഗത്തിനും പിന്നിൽ നിന്ന് കൃത്യമായ അജണ്ടയോടെ കളിപ്പിക്കുന്ന ചില ശക്തികളുണ്ടെന്നും ഷാജൻ സ്കറിയ ആരോപിക്കുന്നു. ടിനി ടോമിന് പിന്നിൽ ഹൈദരാലിയെപ്പോലുള്ളവർ എരിവ് കയറ്റി നിൽക്കുമ്പോൾ, കേസ് നിസ്സാരമാണെന്ന് അറിഞ്ഞിട്ടും അൻസിബയ്ക്കും ഇതിൽ നിന്ന് പിന്മാറാൻ കഴിയാത്തത് പിന്നിൽ പ്രവർത്തിക്കുന്നവരുടെ സമ്മർദ്ദം മൂലമാണ്. ഇസ്ലാമിക ജീവിതരീതി പിന്തുടരുമ്പോഴും സ്വതന്ത്ര ചിന്താഗതിയും സ്വന്തം സ്വത്വവും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന മിടുക്കിയായ അൻസിബ, ഈ അനാവശ്യ ചെളിവാരിയെറിയലുകളിൽ വെറുമൊരു ഇരയായി മാറുകയായിരുന്നു എന്നാണ് ഷാജൻ സ്കറിയ വ്യക്തമാക്കുന്നത്.