
നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി വാദം കേൾക്കൽ മാറ്റിവച്ചു. ഇന്ന് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂട്ടർ അവധിയായതിനെത്തുടർന്ന് ഈ മാസം 27-ലേക്ക് മാറ്റുകയായിരുന്നുവെന്ന് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബയുടെ ഈ നിയമപോരാട്ടം.
തന്നെ പൊലീസ് സ്‌റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് മുൻപ് ഹിൽ പാലസ് എസ്.എച്ച്. ഓയ്ക്ക് അൻസിബ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് ഇത് തള്ളിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. തുടർന്ന് സംഭവത്തിൽ കോടതി ആവശ്യപ്പെട്ടിരുന്ന അന്വേഷണ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടും നൽകാൻ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് അഡ്വ. ഫിർദോസ് വ്യക്തമാക്കി. പൊലീസ് റിപ്പോർട്ടിൻ്റെ പകർപ്പ് നൽകാത്തതിനെതിരെ കോടതിയിൽ പരാതിപ്പെടുമെന്ന് വ്യക്തമാക്കിയതോടെയാണ് ഉദ്യോഗസ്‌ഥർ നിലപാട് മാറ്റിയതും, പിന്നീട് റിപ്പോർട്ടിന്റെ കോപ്പി വാട്‌സാപ്പിൽ അയച്ചു തന്നതും. കേസ് ഇനി ജൂൺ 27-ന് കോടതി വീണ്ടും പരിഗണിക്കും.