“പൃഥ്വിരാജിന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് എല്ലാവരോടും പറഞ്ഞു, അത് നഷ്ടമായപ്പോൾ വല്ലാതെ ഡൗൺ ആയി”; അൻസിബ ഹസ്സൻ

','

' ); } ?>

സെല്ലുലോയ്ഡ് എന്ന പൃഥ്വിരാജ് ചിത്രത്തിലെ വേഷം നഷ്ടമായതിനെ കുറിച്ച് തുറന്നു സംസാരിച്ച് നടി അൻസിബ ഹസ്സൻ. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ താൻ ആയിരുന്നു പി.കെ. റോസിയെന്നും, എന്നാൽ ചാന്ദ്നിയെ കണ്ടപ്പോൾ അവർ തന്നെ മാറ്റുകയായിരുന്നുവെന്നും അൻസിബ പറഞ്ഞു. കൂടാതെ ഫ്രണ്ട്സിനോടൊക്കെ പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞിരുന്നെന്നും, അത് നഷ്ടമായപ്പോൾ വല്ലാതെ ഡൗൺ ആയെന്നും അൻസിബ പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘സെല്ലുലോയ്ഡില്‍ പി.കെ. റോസി എന്ന ക്യാരക്ടര്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഓഡിഷന് പോയി, ലുക്ക് ടെസ്റ്റും സ്‌ക്രീന്‍ ടെസ്റ്റുമെല്ലാം ചെയ്ത് സെലക്ടായതുമാണ്. ബയോപിക് എന്നതിലുപരി മലയാളത്തിലെ ആദ്യത്തെ നായികയുടെ വേഷം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ ചാന്ദ്‌നിയുടെ പാട്ട് കമല്‍ സാര്‍ കണ്ടു.

ആ കഥാപാത്രത്തിന് ചാന്ദ്‌നി ആപ്റ്റായിരിക്കുമെന്ന് തോന്നി കമല്‍ സാര്‍ ആ കുട്ടിയെ ലുക്ക് ടെസ്‌റ്റൊക്കെ ചെയ്ത് ഓക്കെയായി. ഇത് അവര്‍ എന്നെ വിളിച്ച് പറഞ്ഞു. എനിക്ക് അത് കേട്ടിട്ട് വലിയ വിഷമമായി. ആ സമയത്ത് ഞാന്‍ എല്ലാവരോടും എനിക്ക് ചാന്‍സ് കിട്ടിയെന്നൊക്കെ പറഞ്ഞ് വെച്ചതുമാണ്. പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്നു എന്ന് ഫ്രണ്ട്‌സിനോട് പറഞ്ഞിട്ട് അത് പോയപ്പോള്‍ ഞാന്‍ ശരിക്കും ഡൗണായി.’ അൻസിബ പറഞ്ഞു.

‘അന്നത്തെ ദിവസം ഞാൻ റൂമിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടി. വീട്ടുകാരോട് ആദ്യം പറഞ്ഞില്ല. ഷൂട്ടൊക്കെ കഴിഞ്ഞ് സിനിമ റിലീസായ ദിവസം അത് കാണാന്‍ പോകാന്‍ കൂട്ടാക്കിയില്ല. വീട്ടുകാരെല്ലാം നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം സിനിമ പോയി കണ്ടു. കോഴിക്കോട് അപ്‌സര തിയേറ്ററിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്.

എന്നെ വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞതായിരുന്നു. വീട്ടുകാരാണെങ്കില്‍ എല്ലാ സിനിമയും ഫസ്റ്റ് ഡേ തന്നെ കാണുന്നവരാണ്. അവര്‍ക്ക് എന്റെ ഇമോഷനെ ഒരു വിലയുമില്ലെന്ന് തോന്നി. സിനിമയിലെ ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന പാട്ട് കാണുമ്പോഴെല്ലാം ‘ശ്ശെ, ഞാന്‍ ചെയ്യേണ്ട വേഷമായിരുന്നല്ലോ’ എന്നായിരുന്നു എന്റെ ചിന്ത.’ അന്‍സിബ കൂട്ടിച്ചേർത്തു.

കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013 ഫെബ്രുവരി 15-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ‘സെല്ലുലോയ്ഡ്’. പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ചാന്ദ്നി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷണങ്ങൾ ചെയ്തത്. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമ്മാതാവ് ജെ.സി ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം നിർമ്മിച്ചിരുന്നത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനുഅബ്രഹാമിന്റെ നഷ്ടനായിക എന്ന കഥയേയും ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ തിരക്കഥ.

മികച്ച ചിത്രത്തിനേതുൾപ്പെടെ 2012-ലെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ചിത്രത്തിനു ലഭിച്ചു. 2013-ലാണ് ചിത്രം തീയേറ്ററുകളിലെത്തിയതെങ്കിലും 2012-ൽ സെൻസർ ചെയ്തതു കാരണം പ്രസ്തുത വർഷത്തെ അവാർഡിനായുള്ള പട്ടികയിലാണ് ഈ ചിത്രവും സമർപ്പിച്ചത്.