
പോലീസ് സ്റ്റേഷനിൽവെച്ച് തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത വനിതാ എസ്.ഐ.ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ ഹസൻ. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്.ഐ. രേഷ്മ മോശമായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. കൂടാതെ തനിക്കെതിരെ വ്യാജ പരാതി നൽകിയ ലക്ഷ്മി പ്രിയക്കും, ഭർത്താവിനുമെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്.
ടി ലക്ഷ്മിപ്രിയ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയായിരുന്നുവെന്നും, അവിടെവെച്ച് ഒരു കുറ്റവാളിയോടെന്നപോലെയാണ് പോലീസ് തന്നോട് പെരുമാറിയിരുന്നതെന്നും അൻസിബ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മറ്റ് പോലീസുകാരുടെ മുന്നിൽവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിലൂടെ തനിക്ക് വലിയ മാനഹാനിയുണ്ടായെന്നും അൻസിബ കൂട്ടിച്ചേർത്തിരുന്നു. ഇതൊക്കെ പരാതിയിൽ അൻസിബ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്.ഐ.യും ലക്ഷ്മിപ്രിയയും ഭർത്താവും ചേർന്ന് ഗൂഢാലോചന നടത്തിയതായും അൻസിബ ആരോപിക്കുന്നു.
ഇങ്ങനെയൊരു പരാതി സ്റ്റേഷനിൽ എത്തുന്നതിനും തന്നെ അപമാനിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാമേനോനും പങ്കുണ്ടെന്ന് ലക്ഷ്മിപ്രിയ പറഞ്ഞതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും എസ്.ഐ.ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട അൻസിബ, ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ തർക്കങ്ങളെ തുടർന്ന് അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ഇതേത്തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ ചേരിതിരിവുകൾ രൂപപ്പെട്ടിരുന്നു. വിഷയത്തിൽ ‘അമ്മ’യ്ക്കുള്ളിൽ നിഷ്പക്ഷ സമിതി രൂപവത്കരിച്ച് എല്ലാവരുടെയും പരാതികൾ കേട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.