“പരാതി കേൾക്കാൻ പ്രത്യേക സമിതി വേണം, പരാതി പറയുന്നത് ചിത്രീകരിക്കണം”; നിലപാടുകൾ കടുപ്പിച്ച് അൻസിബ ഹസൻ

','

' ); } ?>

തന്റെ പരാതികൾ നിഷ്പക്ഷമായി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നടി അൻസിബ ഹസൻ. അൻസിബയുടെ ആരോപണങ്ങളെ തുടർന്ന് സംഘടനയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ രൂപപ്പെട്ട സാഹര്യത്തിൽ ജൂൺ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ നേരിട്ട് അമ്മ ഓഫീസിൽ എത്തി തെളിവുകൾ സഹിതം ഹാജരാകാനായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശം. ഇതിന് മറുപടിയായി അയച്ച ഇമെയിലിലാണ് അൻസിബ തൻ്റെ നിലപാടുകളും നിബന്ധനകളും വ്യക്തമാക്കിയത്.

തന്റെ പരാതി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയല്ല കേൾക്കേണ്ടതെന്നും പകരം നിഷ്പക്ഷമായ ഒരു സമിതി വേണമെന്നുമാണ് അൻസിബയുടെ ആവശ്യം. തനിക്ക് ജൂൺ ഒന്നാം തീയതിയോ അല്ലെങ്കിൽ ഏഴാം തീയതിക്ക് ശേഷമുള്ള ഏതെങ്കിലും ദിവസമോ മാത്രമേ ഹാജരാകാൻ സാധിക്കൂ എന്ന് അൻസിബ അറിയിച്ചിട്ടുണ്ട്. പുതിയ സമിതിയിലേക്ക് രമേഷ് പിഷാരടി, മാലാ പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നീ മൂന്നുപേരുകൾ അൻസിബ നിർദേശിച്ചിട്ടുണ്ട്. ഇവർക്ക് ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ താനുമായി ആലോചിച്ച് തനിക്ക് യോജിക്കുന്ന മറ്റൊരാളെ പകരം നിയമിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്റെ ആരോപണം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് എതിരെയായതിനാൽ അവർ തന്നെ പരാതി കേട്ടാൽ നീതി ലഭിക്കില്ലെന്ന് അൻസിബ തറപ്പിച്ച് പറഞ്ഞു. കൂടാതെ സമിതിക്ക് മുമ്പാകെ പരാതി പറയുന്നത് പൂർണമായും ചിത്രീകരിക്കണമെന്നും, ആ വീഡിയോയുടെ ഒരു പകർപ്പ് തനിക്ക് കൈവശം വെക്കാൻ അനുമതി നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്ന ടിനി ടോമിൻ്റെയും മറ്റ് അംഗങ്ങളുടെയും ഭാഗങ്ങൾ കൂടി സമിതി കേൾക്കണം. എല്ലാ വിഭാഗം ആളുകളുടെയും വാദങ്ങൾ കേട്ട ശേഷം മാത്രമേ നീതിപൂർവമായ ഒരു തീരുമാനം എടുക്കാവൂ എന്നും അൻസിബ വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായും നീതി ലഭിക്കുന്ന തരത്തിലായിരിക്കണം ഇതിനായുള്ള സംവിധാനം പ്രവർത്തിക്കേണ്ടതെന്നും അൻസിബ വ്യക്തമാക്കി.