മലയാളം തഴഞ്ഞപ്പോൾ തമിഴ് തുണയായി; ജയിലർ 2 അനുഭവം; അന്ന രേഷ്മ രാജന് പിന്തുണ

','

' ); } ?>

രജനികാന്ത് ചിത്രം ‘ജയിലർ 2’വിൽ നിന്ന് തന്റെ പതിനാറോളം രംഗങ്ങൾ വെട്ടിമാറ്റിയെന്ന നടി അന്ന രേഷ്മ രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ഫേസ്ബുക്ക് കുറിപ്പ്. നടിക്ക് സീനുകൾ നഷ്ടമായതിനേക്കാൾ, രജനികാന്ത് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലെ പോസിറ്റീവ് വശം ചൂണ്ടിക്കാട്ടി അനു ചന്ദ്ര എന്ന ഫേസ്ബുക്ക് യൂസർ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.

തൊട്ടതെല്ലാം പൊന്നാക്കുന്ന വൻകിട സിനിമകളുടെ ഭാഗമാകാൻ കഴിയുന്നത് ഒരു നടിയുടെ കരിയറിൽ വലിയൊരു നേട്ടമാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ‘അങ്കമാലി ഡയറീസ്’ ലെ ലിച്ചിക്ക് ശേഷം ഓർത്തെടുക്കാൻ പാകത്തിന് ശ്രദ്ധേയമായ കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്ന അന്നയ്ക്ക്, സീനുകൾ വെട്ടിച്ചുരുക്കപ്പെട്ടെങ്കിലും ‘ജയിലർ 2’ പോലൊരു ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ ഇടംപിടിക്കാൻ കഴിഞ്ഞത് വലിയൊരു ആശ്വാസമാണെന്നാണ് കുറിപ്പിലെ പ്രധാന നിരീക്ഷണം. മലയാള സിനിമാ ഇൻഡസ്ട്രി വേണ്ടത്ര പരിഗണിക്കാതിരുന്ന ഘട്ടത്തിൽ തമിഴ് സിനിമ തുണയായെന്നും, അഭിനയിച്ച സമയ ദൈർഘ്യത്തേക്കാൾ രജനികാന്തിനെപ്പോലൊരു സൂപ്പർതാരത്തിന്റെ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിനാണ് പ്രാധാന്യമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

നേരത്തെ, സുരാജ് വെഞ്ഞാറമ്മൂടിനൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉൾപ്പെടെ എഡിറ്റിംഗിൽ നഷ്ടപ്പെട്ടതായി അന്ന രേഷ്മ രാജൻ വെളിപ്പെടുത്തിയിരുന്നു. സുരാജിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് തന്റെ ക്യൂട്ട് റിയാക്ഷനുകൾ ഉൾപ്പെടെ ഒഴിവാക്കിയതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ ഭാഗങ്ങൾ പോലും എഡിറ്റ് ചെയ്യപ്പെട്ടത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നെങ്കിലും, സെറ്റിലെ അനുഭവങ്ങളും ചിത്രത്തിലെ ഡയലോഗുകൾ തമിഴ്‌നാട്ടിൽ ശ്രദ്ധിക്കപ്പെട്ടതും താരം സന്തോഷത്തോടെ പങ്കുവെച്ചിരുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

മലയാളികളുടെ സോഷ്യൽ മീഡിയ ഫീഡിലൂടെ അന്ന രാജൻ കടന്ന് പോകാത്ത ദിവസങ്ങൾ നന്നേ കുറവായിരിക്കും. ഏറെക്കാലമായി അത്രത്തോളം മലയാളികൾക്കിടയിൽ നിലനിൽക്കുന്ന ആളാണ് അന്ന രാജൻ. പക്ഷെ ഓർത്തെടുക്കാൻ നല്ലൊരു സിനിമയോ കഥാപാത്രമോ പോലുമില്ലാതൊരു നായിക കൂടിയാണ് അന്ന.

ലിച്ചിക്ക് അപ്പുറത്തേക്ക് ഏതെങ്കിലുമൊരു ശ്രദ്ധേയമായ കഥാപാത്രവർ ചെയ്തതായി പോലുമെന്റെ ഓർമ്മയിലില്ല. അങ്ങനെയുള്ള അന്നയാണ് ഒരു സുപ്രഭാതത്തിൽ ജയ്‌ലർ 2 വിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ചൊന്നും ചെയ്യാനുള്ള കഥാപാത്രമല്ല സിനിമയിലുള്ളത്. ആകെ വരുന്നത് തന്നെ രണ്ടോ മൂന്നോ സീനിൽ മാത്രം. പക്ഷെ അല്പം മുമ്പാണ് ഒരു വാർത്ത കണ്ടത്. സിനിമയിലെ അന്നയുടെ പതിനാറോളം സീനുകൾ വെട്ടി മാറ്റിയിട്ടുണ്ടെന്ന്. സ്വാഭാവികം.

എന്നാലും സന്തോഷം തോന്നി. കാരണം പതിനാറ് സീനുകൾ നഷ്ടപ്പെട്ടാലും ശരി അവർക്ക് ലഭിച്ചത് വലിയൊരു സിനിമയാണ്. രജനികാന്തിനെപ്പോലൊരു സൂപ്പർതാരം നായകനാകുന്ന വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതൊന്നും നിസ്സാര കാര്യമല്ല.

ഒരു സിനിമയിൽ എത്ര നേരം പ്രത്യക്ഷപ്പെട്ടു എന്നതിലുപരി ആ സിനിമയുടെ ഭാഗമായിരുന്നു എന്നതും ഒരു നടിയുടെ കരിയറിൽ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. മലയാളം ഫിലിം ഇൻഡസ്സ്ട്രി തഴഞ്ഞ അന്നയ്ക്ക് തമിഴെങ്കിലും തുണയായല്ലോ. പതിനാറ് സീനുകൾ വെട്ടിയെന്ന വാർത്തയ്ക്കപ്പുറം രജനികാന്തിന്റെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞല്ലോ എന്നതാണ് ആശ്വാസം എന്നുമായിരുന്നു കുറിപ്പ്.

മാമാ… തമ്പി പാവം എന്ന എന്റെ ഡയലോഗ് കഴിഞ്ഞ് സുരാജേട്ടന്‍ ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട്. അതിനുശേഷം എന്റെയും ഒരു ക്യൂട്ട് റിയാക്‌ഷൻ ഉണ്ട്. പക്ഷെ അത് സുരാജേട്ടന്റെ ക്യാരക്ടറിന് പ്രാധാന്യം കുറയുമെന്ന കാരണത്താൽ കട്ട് ആക്കി. ഇത് മാത്രമല്ല ഏകദേശം പതിനാറോളം സീൻസ് കട്ട് ചെയ്തിട്ടുണ്ട്. ഞാൻ അവസാനം ചോദിച്ചു… എന്റെ സീൻ എന്തെങ്കിലും ഉണ്ടോ എന്ന്. അതുണ്ടെന്ന് പറഞ്ഞു.

കാരണം പടം എഡിറ്റ് ചെയ്തപ്പോൾ കുറേ സീൻ വെട്ടിപ്പോയി. ലാലേട്ടന്റെ സീൻ കട്ട് ചെയ്ത് കളഞ്ഞാലും ആ പവർ സ്ക്രീനിൽ കിട്ടിയില്ലേ. എല്ലാവരെയും നെൽസർ സാർ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും സന്തോഷമുണ്ട്. രജനിസാറിനൊപ്പം ഒരു മാസത്തോളം ഉണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ റെഡിയായി ചെല്ലുമ്പോൾ സാറിന്റെ അഭിനയം കാണാൻ കഴിഞ്ഞു.

ഭയങ്കര ആകാംക്ഷയായിരുന്നു. ഈ കാണുന്ന സീൻസ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ നമ്മളവിടെ നേരിട്ട് ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ കൂെടയിരുന്ന് സംസാരിക്കാനൊക്കെ പറ്റി. ചിലപ്പോൾ ജയിലർ 3യിൽ ഞാനുണ്ടാകും.. പ്രതികാരം തീർക്കാൻ. നമ്മുടെ ഡയലോഗ് തമിഴ്നാട്ടിൽ ഭയങ്കര ഹിറ്റായി എന്നാണ് അന്ന രാജൻ പറഞ്ഞത്.

ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ദിലീപ് എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് അന്ന എത്തിയത്. മോഹൻലാലിന്റെ ഭാ​ഗങ്ങൾ കട്ട് ചെയ്തത് മലയാളത്തിൽ വലിയ രീതിയിൽ സിനിമയ്ക്കും അണിയറപ്രവർത്തകർക്കും എതിരെ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു. നെൽസണാണ് സിനിമ സംവിധാനം ചെയ്തത്.