
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ‘സ്വപ്നക്കൂടി’ലെ ഭാവനയുടെ കഥാപാത്രമായ പത്മയുടെ മരണത്തെച്ചൊല്ലി വീണ്ടും ചർച്ചകൾ സജീവമാകുമ്പോൾ, വ്യക്തത വരുത്തി സംവിധായകൻ കമൽ. പത്മ എന്ന കഥാപാത്രത്തിന്റെ മരണം തിരക്കഥയ്ക്ക് അത്യന്താപേക്ഷിതമായിരുന്നുവെന്നും എന്നാൽ അത് ചിത്രീകരിച്ച രീതിയിൽ അന്ന് ഒരു അബദ്ധം സംഭവിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അഹല്യ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ‘സ്വപ്നക്കൂടി’ന്റെ ക്ലൈമാക്സിനെക്കുറിച്ചുള്ള തന്റെ വീക്ഷണം കമൽ പങ്കുവെച്ചത്.
പൃഥ്വിരാജ് അവതരിപ്പിച്ച കുഞ്ഞൂഞ്ഞും ജയസൂര്യയുടെ ദീപുവും പത്മയെ പ്രണയിച്ചിരുന്നതിനാൽ, കഥാപാത്രങ്ങളുടെ ആത്മബന്ധം നിലനിർത്താൻ പത്മയുടെ മരണം ഒഴിവാക്കാനാകാത്ത ഒന്നായിരുന്നു. പത്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മീര ജാസ്മിന്റെ കമല എന്ന കഥാപാത്രം ഒരിക്കലും കുഞ്ഞൂഞ്ഞിനൊപ്പം പോകുമായിരുന്നില്ലെന്നും, സൗഹൃദത്തിന് മുൻഗണന നൽകി അവർ ആ നാടുവിട്ടുപോവുകയേ ഉള്ളൂവെന്നും കമൽ ചൂണ്ടിക്കാട്ടി.
എന്നാൽ അന്ന് പത്മയുടെ മരണം കാണിച്ച രീതി ഒരു പോരായ്മയായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. ഒരു ദുരന്തഗാനത്തിന് ഒടുവിൽ അബദ്ധത്തിൽ കാലുതെറ്റി വീണ് മരിക്കുന്നത് കൃത്രിമമായി തോന്നിപ്പിച്ചു. ഇന്നത്തെ കാലത്താണ് ചിത്രം ചെയ്യുന്നതെങ്കിൽ, ആഘോഷങ്ങൾക്കിടയിലെ യാത്രയിലുണ്ടാകുന്ന ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ അത് സ്വാഭാവികമായി ചിത്രീകരിക്കാമായിരുന്നു. റിലീസിന് ശേഷമാണ് ഇത്തരം ഒരു ചിന്ത വന്നതെന്നും അന്ന് ആ രീതിയിൽ ചിന്തിക്കാൻ കഴിയാതെ പോയത് ഒരു വീഴ്ചയാണെന്നും കമൽ കൂട്ടിച്ചേർത്തു.
2003-ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സ്വപ്നക്കൂട്’ വൻ ഹിറ്റായിരുന്നു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസ് ചെയ്ത കാലം മുതൽ തന്നെ പത്മയുടെ ക്ലൈമാക്സ് മരണം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
കമലിന്റെ വാക്കുകൾ
“ഭാവന ചെയ്ത പത്മ എന്ന കഥാപാത്രം മരിക്കുകയെന്നത് കഥയ്ക്ക് ആവശ്യമായിരുന്നു. അതിന്റെ കാരണം മീരയുടെ കഥാപാത്രമായ കമല ഒറ്റപ്പെടണം. പത്മ ഉണ്ടെങ്കില്‍ ഒരു കാരണവശാലും അവസാനം കുഞ്ഞൂഞ്ഞിന്റെ കൂടെ പോകില്ല. ഒരുപക്ഷെ കുഞ്ഞൂഞ്ഞും തിരിച്ച് അന്വേഷിച്ച് വരില്ലായിരുന്നു. കാരണം അവര്‍ രണ്ടു പേരും അവളെ പ്രണയിക്കുന്നുണ്ട്. ദീപുവിന്റെ പ്രണയം കുഞ്ഞൂഞ്ഞ് അറിയുന്നുണ്ട്. അവരുടെ സൗഹൃദം വച്ച് ആ നാട്ടില്‍ നിന്നു തന്നെ പോവുകയേയുള്ളൂ. സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്നമായിരുന്നു അത്.
പത്മ മരിച്ചതു കൊണ്ടാണ് കമല കൊച്ചിന് ഹനീഫയുടെ കഥാപാത്രത്തിന്റെ കൂടെ പോകുന്നത്. അത് ഗതികേടു കൊണ്ട് പോകുന്നതാണ്. അതൊരു ദുരന്തമാകുമെന്നതിനാലാണ് അറിയുമ്പോള്‍ തന്നെ അവര്‍ തിരിച്ചുവരുന്നത്. അതുകൊണ്ടാണ് പത്മയുടെ കഥാപാത്രത്തെ ഇല്ലാതാക്കിയത്. പക്ഷെ ഞങ്ങള്‍ക്ക് പറ്റിയൊരു അബദ്ധം ഞാന്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്. ആ മരണം വേറെ രീതിയില്‍ കാണിക്കാമായിരുന്നു. അങ്ങനൊരു ട്രാജിക് പാട്ട് വച്ചിട്ട് അതിന്റെ അവസാനം കാല് തെറ്റി വീഴേണ്ട കാര്യമുണ്ടായിരുന്നില്ല. അത് അന്നത്തെ ഞങ്ങളുടെ ചിന്താഗതി അങ്ങനെ ആയതു കൊണ്ടാണ്.
ഇന്ന് ചെയ്യുകയാണെങ്കില്‍ അടിച്ചുപൊളിച്ച് ഒരു നൈറ്റ് ട്രാവലും കഴിഞ്ഞ് ഏതെങ്കിലും പബ്ബില്‍ കയറി ആഘോഷിച്ച് തിരിച്ചുള്ള യാത്രയില്‍ ഒരു ആക്സിഡന്റ് ഉണ്ടാകുന്നുവെന്ന് വിചാരിക്കുക. അങ്ങനെയാണ് പത്മ മരിക്കുന്നതെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. അതൊക്കെ ആര്‍ക്കും സംഭവിക്കാമല്ലോ. ഇത് എന്തോ ഉണ്ടാക്കി എടുത്തത് പോലെ ആയിപ്പോയി. അന്ന് അങ്ങനത്തെ ഒരു ചിന്ത പോയില്ല. റിലീസ് ചെയ്ത് കുറേ കഴിഞ്ഞ് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചില്ലെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.”