അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ല- ബിനീഷ് ബാസ്റ്റിന്‍

തന്നോടൊപ്പം വേദി പങ്കിടില്ലെന്ന വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ മാപ്പ് പറയേണ്ടത് തന്നോടല്ലെന്നും സമൂഹത്തോടാണെന്നും നടന്‍ ബിനീഷ് ബാസ്റ്റിന്‍. സമവായ ചര്‍ച്ചയിലൂടെ അനില്‍ രാധാകൃഷ്ണ മേനോനുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കി. ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സമവായ ചര്‍ച്ച നടത്തും. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനില്‍ ഫെഫ്കക്ക് വിശദീകരണം നല്‍കി. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെന്നാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ നല്‍കുന്ന വിശദീകരണം.

പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരു നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോനെതിരായ ആരോപണം