ക്യാമറ വാടകയ്ക്ക് എടുത്തതിൽ സാമ്പത്തിക തട്ടിപ്പെന്ന പരാതി വ്യാജം; ലക്ഷ്യം ആര്യയെ അപകീർത്തിപ്പെടുത്തലെന്ന് നിർമാതാവ് വിനോദ് കുമാർ

','

' ); } ?>

നടൻ ആര്യയെ നായകനാക്കി ഒരുക്കുന്ന ‘അനന്തൻകാട്’ എന്ന ചിത്രത്തിന്റെ നിർമാതാവിനും നടനുമെതിരെ ഹൈദരാബാദിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതി വ്യാജമാണെന്ന് നിർമാതാവ് വിനോദ് കുമാർ. ക്യാമറ ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത വകയിൽ പണം നൽകാനുണ്ടെന്നാരോപിച്ച് നൽകിയ പരാതി, നടൻ ആര്യയുടെ പ്രതിച്ഛായ തകർക്കാനും അതുവഴി അനാവശ്യ സമ്മർദ്ദം ചെലുത്താനുമുള്ള ബോധപൂർവമായ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണത്തിനായി ഉയർന്ന നിലവാരമുള്ള ക്യാമറ ഉപകരണങ്ങൾ നൽകിയ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനമാണ് ഇരുവർക്കുമെതിരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വാടകയിനത്തിലുള്ള മുഴുവൻ തുകയും നൽകിയില്ലെന്നാണ് കമ്പനിയുടെ പ്രധാന ആരോപണം.

എന്നാൽ, ഈ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വിനോദ് കുമാർ ചൂണ്ടിക്കാട്ടി. ചിത്രീകരണവുമായി ബന്ധപ്പെട്ട് കമ്പനി ഉന്നയിച്ച സാമ്പത്തിക ആവശ്യങ്ങളെച്ചൊല്ലി നേരത്തെ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്പനി പുതിയ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. നിയമപരമായ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇത്തരം വ്യാജ പരാതികളുമായി രംഗത്തെത്തുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ് കുമാറിന്റെ പ്രസ്താവനയുടെ പൂർണരൂപം

ഞാൻ എസ്. വിനോദ് കുമാർ, അടുത്തിടെ മലയാളത്തിലും തമിഴിലും റിലീസ് ചെയ്ത അനന്തൻ കാട് എന്ന ചിത്രത്തിൻ്റെ നിർമ്മാതാവാണ്. ഞങ്ങളുടെ ചിത്രത്തിലെ പ്രധാന നടനായ ശ്രീ ആര്യ ഹൈദരാബാദിലെ താഹിർ സിനെ ടെക്നിക് എന്ന ലൈറ്റ് ആൻഡ് ക്യാമറ റെൻ്റൽ കമ്പനിയെ ചതിച്ചു എന്ന രീതിയിൽ പല ഇടങ്ങളിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഇത് തികച്ചും അടിസ്‌ഥാനരഹിതവും, ശ്രീ ആര്യയുടെ പ്രതിച്‌ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്‌ത കമ്പനി മനഃപൂർവം സൃഷ്‌ടിച്ച വ്യാജ പ്രചാരണവുമാണ്.

യഥാർഥത്തിൽ, താഹിർ കമ്പനി ഉന്നയിച്ച അനാവശ്യവും അടിസ്ഥാനരഹിതവുമായ സാമ്പത്തിക ആവശ്യത്തെച്ചൊല്ലി എനിക്കും ആ കമ്പനിക്കും ഇടയിലാണ് തർക്കമുള്ളത്. ആ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന്, സിനിമയുടെ റിലീസ് തടയുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിനെ തുടർന്ന് ഞാൻ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. എന്റെ വാദങ്ങൾ ബഹു കോടതി അംഗീകരിക്കുകയും, തർക്കത്തിലുള്ള തുക കോടതിയിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയും ചെയ്തു‌. അതനുസരിച്ച് ഞാൻ തുക കോടതിയിൽ നിക്ഷേപിച്ചു. തുടർന്ന് ബഹു കോടതി 2026 ജൂൺ 25ന് സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.

തുടർന്ന് താഹിർ കമ്പനി എറണാകുളം കോടതിയിൽ നൽകിയ മറുപടിയിൽ, ഞങ്ങൾ കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിച്ചു. ആ വിഷയത്തിൽ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനുശേഷം, അതേ വിഷയത്തിൽ തന്നെ താഹിർ കമ്പനി ഹൈദരാബാദിലെ കൊമേഴ്സ്യൽ കോടതിയിലും ഒരു ഹർജി ഫയൽ ചെയ്തു. ശ്രദ്ധേയമായ കാര്യം, എറണാകുളം കോടതിയിൽ വ്യാജമാണെന്ന് ആരോപിച്ച അതേ രേഖകളാണ് അവർ ഹൈദരാബാദ് കോടതിയിൽ സ്വന്തം ഹർജിക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്. ആ ഹർജിയുടെ അടിസ്‌ഥാനത്തിൽ താഹിർ കമ്പനി ആവശ്യപ്പെട്ട തുക കോടതിയിൽ നിക്ഷേപിക്കാൻ ഹൈദരാബാദ് കോടതി ഉത്തരവിട്ടു.

ആ ഹർജിയുടെയും ഉത്തരവിന്റെയും പകർപ്പുകൾ ഞങ്ങൾക്ക് അടുത്തിടെയാണ് ലഭിച്ചത്. അതിന് വിശദമായ മറുപടി കോടതിയിൽ സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താഹിർ കമ്പനി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും, അവയെല്ലാം തെളിവുകൾ സഹിതം കോടതിയിൽ തെളിയിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾ പൂർണ്ണ ആത്മവിശ്വാസത്തിലാണ്.

കൂടാതെ, ഇതേ വിഷയത്തിൽ എറണാകുളം മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുകയും, അവർ ആ കോടതിയിൽ ഹാജരാകുകയും ചെയ്ത സാഹചര്യത്തിൽ, അതേ വിഷയത്തിൽ ഇന്ത്യയിലെ മറ്റേതെങ്കിലും കോടതിയിൽ വീണ്ടും കേസ് ഫയൽ ചെയ്യാൻ നിയമപരമായി സാധിക്കില്ലെന്ന നിലപാടും ഞങ്ങൾ കോടതിയിൽ ഉന്നയിക്കുന്നതാണ്. ബഹു കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ നിയമാനുസൃത ഉത്തരവുകളും പൂർണ്ണമായി അനുസരിക്കാൻ ഞങ്ങൾ സന്നദ്ധരാണ്.

ഇതിനിടെയാണ് എനിക്കും ചിത്രത്തിലെ നായകനായ ശ്രീ ആര്യയ്ക്കുമെതിരെ ഒരു എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ശ്രീ ആര്യയുടെ പേര് കളങ്കപ്പെടുത്തുകയും, ഞങ്ങളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നടപടികൾ. വസ്‌തുതകളും തെളിവുകളും നിയമവും ഞങ്ങളുടെ ഭാഗത്തായതിനാൽ കോടതിയിൽ ഈ വിഷയത്തിൽ അവർക്ക് വിജയിക്കാനാവില്ലെന്ന് അവർക്കറിയാം. കേരളത്തിലും ഹൈദരാബാദിലുമായി കേസ് കോടതികളുടെ പരിഗണനയിലിരിക്കെ രജിസ്‌റ്റർ ചെയ്ത‌ിരിക്കുന്ന ഈ പൊലീസ് കേസും ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള മറ്റൊരു ശ്രമം മാത്രമാണെന്നാണ്.

ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്‌റ്റേഷനിൽ നിന്ന് എനിക്ക് ഫോൺ വിളി ലഭിച്ചിരുന്നു. കേസിൻ്റെ യഥാർത്ഥ വസ്തുതകളും, കേരളത്തിലും ഹൈദരാബാദിലുമായി കേസുകൾ കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും, എൻ്റെ ഭാഗം തെളിയിക്കുന്ന എല്ലാ രേഖകളും തെളിവുകളും എൻ്റെ കൈവശമുണ്ടെന്നും ഞാൻ അവരെ അറിയിച്ചിട്ടുണ്ട്.

2026 ജൂൺ 22ന് എറണാകുളം മുൻസിഫ് കോടതി[o.S 743/2026] സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകിയ ഉത്തരവ് പുറപ്പെടുവിച്ചതുമുതൽ ഈ വിഷയങ്ങൾ ബഹു കോടതികളുടെ പരിഗണനയിലായതിനാൽ, ഇതുവരെ ഞങ്ങൾ പൊതുവേദികളിൽ പ്രതികരിക്കാതിരുന്നത്.

നന്ദി, എസ്. വിനോദ് കുമാർ നിർമ്മാതാവ്, അനന്തൻ കാട്