
താര സംഘടനയായ AMMA യുടെ ജനറൽ ബോഡി യോഗം നാളെ നടക്കും. സംഘടനയുടെ 31-ാം ജനറൽ ബോഡി യോഗമാണ് നാളെ നടക്കുക.
കൊച്ചി ഗോകുലം കൺവേഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്. മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സൽ ഉദ്യോഗസ്ഥരും, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിങ്ങിന് പങ്കെടുക്കും.
സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. മോഹൻലാൽ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരും. അഡ്ഹോക്ക് കമ്മിറ്റിയായി മാറ്റിയ കഴിഞ്ഞ എക്സിക്യൂട്ടീവ് തന്നെ വീണ്ടും തൽസ്ഥാനത്തെത്തും. സംഘടനയിൽ മുൻപുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു.