
താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും ഡിജിറ്റൽ തെളിവുകൾ ചോർന്ന സംഭവവും പുതിയ തലത്തിലേക്ക്. നടി അൻസിബ ഹസൻ ഉന്നയിച്ച പരാതി അന്വേഷിക്കാൻ സംഘടനയിലെ അംഗങ്ങളും പുറത്തുനിന്നുള്ളവരും ഉൾപ്പെടുന്ന ഒരു അഞ്ചംഗ പ്രത്യേക സമിതി രൂപീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന വിവരം പരാതിക്കാരെ ഇമെയിൽ വഴി അറിയിക്കും. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പോലെ ഏകപക്ഷീയമായ നടപടിയാകില്ല സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നും ഇരുകൂട്ടരുടെയും ഭാഗം കേൾക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സംഘടനയെ പ്രതിസന്ധിയിലാക്കിയ ‘അമ്മ’ ഓഫീസിലെ സിസിടിവി ശബ്ദസന്ദേശങ്ങൾ ചോർന്ന സംഭവത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് വീഴ്ച പറ്റിയതായും ശ്വേത മേനോൻ വെളിപ്പെടുത്തി. തന്റെ കൈയിൽ നിന്നാണ് ഓഡിയോ ചോർന്നതെന്ന് കുക്കു പരമേശ്വരൻ എക്സിക്യൂട്ടീവ് യോഗത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം, സംഘടനയുടെ മുൻകൂർ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു. മാധ്യമങ്ങൾക്ക് വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് എല്ലാവർക്കും ബോധ്യമുണ്ടെന്നും ശ്വേത കൂട്ടിച്ചേർത്തു.
അൻസിബയ്ക്ക് പുറമെ ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മി എന്നിവരും സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതി ഉന്നയിച്ചവരിൽ ടിനി ടോം മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചതെന്നും മറ്റുള്ളവർ ആരും വന്നില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വാർത്തകൾ ഏകപക്ഷീയമായി നൽകരുതെന്ന് അഭ്യർത്ഥിച്ച ശ്വേത മേനോൻ, 502 അംഗങ്ങൾ മാത്രമുള്ള ഈ ചെറിയ സംഘടനയുടെ നിലവിലെ ഭരണസമിതി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.