‘അഭിനയിക്കാൻ അറിയില്ല, പൊക്കക്കൂടുതലുണ്ട്, വീട്ടിൽ പൊയ്‌ക്കോളൂ; ദുരനുഭവങ്ങൾ വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

','

' ); } ?>

ബോളിവുഡിന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറായി വളരുന്നതിന് മുൻപ് സിനിമാ സെറ്റുകളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത അവഗണനകളും അപമാനങ്ങളും വെളിപ്പെടുത്തി മുതിർന്ന നടൻ അമിതാഭ് ബച്ചൻ. പൊക്കക്കൂടുതലും അഭിനയത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടി സെറ്റിൽ നിന്ന് തന്നോട് ഇറങ്ങിപ്പോകാൻ വരെ ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം ഓർത്തെടുത്തു.

‘കോൻ ബനേഗാ ക്രോർപതി’യുടെ പ്രത്യേക എപ്പിസോഡിലാണ് ബിഗ് ബി തന്റെ ആദ്യകാല സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ ലവ്‌ലിന ബോർഗോഹെയ്ൻ, അസ്മിത ഡേ, ഝണ്ഡു കുമാർ, ഷർമിള ധൻകർ എന്നിവരായിരുന്നു പരിപാടിയിലെ അതിഥികൾ. പരിശീലനത്തിനിടെ കായികതാരങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വരുന്നത് പോലെ സിനിമാ രംഗത്തും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ എന്ന അസ്മിതയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കരിയറിന്റെ തുടക്കത്തിൽ നിരന്തരം കുറ്റപ്പെടുത്തലുകൾ നേരിട്ടിട്ടുണ്ടെന്ന് ബച്ചൻ പറഞ്ഞു. “അഭിനയം വശമില്ല, ആവശ്യമില്ലാത്ത പൊക്കമുണ്ട്, അതുകൊണ്ട് വീട്ടിലേക്ക് പൊയ്‌ക്കോളൂ” എന്ന് പലരും മുഖത്തുനോക്കി പറഞ്ഞു. പിന്നീട് അവസരങ്ങൾ ലഭിച്ചു തുടങ്ങിയപ്പോഴും ഡയലോഗ് പറച്ചിലിന്റെ പേരിൽ വഴക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ആ തിരുത്തലുകളെല്ലാം ഉൾക്കൊണ്ടാണ് പതുക്കെ തന്റെ പ്രകടനം മെച്ചപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വന്തമായി വാഹനമില്ലാതിരുന്ന കാലത്ത് ഒരു സംവിധായകനിൽ നിന്ന് നേരിട്ട കയ്പേറിയ അനുഭവവും താരം പങ്കുവെച്ചു. മറ്റൊരാളുടെ കാറിനെ ആശ്രയിച്ച് ഷൂട്ടിങ്ങിനെത്തിയ താൻ അല്പം വൈകിയപ്പോൾ, അന്നത്തെ ഷൂട്ടിങ് പാക്കപ്പായെന്നും ഉടൻ തന്നെ ഇറങ്ങിപ്പോകാനും സംവിധായകൻ പരസ്യമായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിഗ് ബി ഓർത്തെടുത്തു.