മൈക്കിള്‍ ജാക്‌സനെയും കടത്തിവെട്ടി സൗബിന്‍.. കാണാം അമ്പിളിയുടെ കിടിക്കാച്ചി ടീസര്‍..!

സൗബിന്‍ സഹീര്‍ എന്ന നടന്റെ ആദ്യ പോസ്റ്ററിലെ വ്യത്യസ്ഥമായ ലുക്കിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് അമ്പിളി. അവസാന ഘട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ ഒരു കിടുക്കാച്ചി ടീസര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നാട്ടിലെ രാജാവായ സൗബിന്റെ അമ്പിളി എന്ന കഥാപാത്രത്തിന്റെ ഒരു തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. മൈക്കിള്‍ ജാക്‌സന്റെയും സൂപ്പര്‍ സ്റ്റാറുകളുടെയും ഒന്നും ഡാന്‍സോ ലുക്കോ ഇല്ലാതെ തന്നെ നാട്ടില്‍ എല്ലാവരുടെയും പ്രിയങ്കരനായ അമ്പിളിയുടെ ഡാന്‍സ് പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്.

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. പുതുമുഖമായ തന്‍വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. നവാഗതനായ നവീന്‍ നസീം ആണ് ബോബി കുര്യന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

E4 എന്റര്‍ടെയ്ന്‍മെന്റ്‌സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് അമ്പിളിയുടെ ചിത്രസംയോജനം. ഗപ്പിയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍. ശങ്കര്‍ മഹാദേവന്‍, ആന്റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

കലാ സംവിധാനം: വിനീഷ് ബംഗ്ലാന്‍; വസ്ത്രാലങ്കാരം: മഷര്‍ ഹംസ, മേക്കപ്പ്: ആര്‍.ജി. വയനാടന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശ്രീജിത്ത് നായര്‍; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി എന്നിവര്‍ നിര്‍വഹിക്കുന്നു.