സച്ചിന്‍ അത്ര ഫോമിലല്ല

മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് സച്ചിന്‍. യഥാര്‍ത്ഥ സച്ചിന്‍, അഞ്ജലി കഥയുടെ ചുവട്പിടിച്ച് കേരളീയ പശ്ചാത്തലത്തില്‍ മറ്റൊരു സച്ചിന്റെ കഥ. ഇന്ത്യ-പാക് മത്സരത്തില്‍ ഇന്ത്യ ജയിക്കുന്ന ദിവസം കേരളത്തിലും ഒരു സച്ചിന്‍ ജനിക്കുകയാണ്. നായികയ്ക്ക് നായകനേക്കാള്‍ പ്രായകൂടുതലുണ്ട്. ഇതിനെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്.

ബൈജു ചിത്രത്തില്‍ ഇല്ലെങ്കിലും നരേഷനിലൂടെ അദ്ദേഹത്തിന് ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. വണ്‍ ടൈം വാച്ചബിള്‍ മൂവിയായിട്ടാണ് അനുഭവപ്പെട്ടത്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒന്നുമില്ലെങ്കിലും കാണുമ്പോള്‍ മുഷിപ്പ് അനുഭവപ്പെടുന്നില്ല. പറഞ്ഞു പഴകിയ കോമഡികള്‍ അരുചിയായി അനുഭവപ്പെട്ടു.

കെട്ടുറപ്പില്ലാത്ത തിരക്കഥയില്‍ ഒരുക്കുന്ന സിനിമയുടെ സംവിധാന മികവേ അവകാശപ്പെടാനുള്ളു. ചിത്രത്തിന്റെ ദൃശ്യ ഭംഗിയും ഷാന്‍ റഹ്മാന്റെ സംഗീതവുമെല്ലാം തന്നെ ശരാശരിയ്ക്ക് മുകളില്‍ എത്തിയിട്ടില്ല. ധ്യാന്‍, അജു വര്‍ഗ്ഗീസ്, അപ്പാനി ശരത്, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു എന്നിവരെല്ലാം നന്നായിരുന്നു. അന്ന രേഷ്മ രാജന്റെ പ്രകടനം അത്ര നന്നായി തോന്നിയില്ല.

തീര്‍ത്തും നിരാശ എന്നു പറയാനാവാത്ത ഒരു തവണ കാണാവുന്ന ചിത്രമാണ് സച്ചിന്‍. കുറേ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. സമയം വൈകിയതിനാല്‍അത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചിരിക്കാം.