ജനകീയം ജനമൈത്രി…!

വിജയ് ബാബു എന്ന നിര്‍മ്മാതാവിനെ മലയാള സിനിമയില്‍ എന്നും വ്യത്യസ്ഥനാക്കുന്നത് പരീക്ഷണ ചിത്രങ്ങളോട് അദ്ദേഹം കാണിക്കുന്ന സമീപനം തന്നെയാണ്. ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, അങ്കമാലി ഡയറീസ് എന്ന് തുടങ്ങി അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി സഹകരിച്ച എല്ലാ ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ഈ നിരയില്‍ സ്വന്തമായി ഫ്രൈഡേ ഫിലിംസ് സ്വന്തമായി നിര്‍മ്മിച്ച ആദ്യ ചിത്രമാണ് ജനമൈത്രി.

കോടികളുടെ സെറ്റുകളോ സൂപ്പര്‍താര സാന്നിദ്ധ്യമോ ഒന്നും തന്നെ ഇല്ലാതെ വളരെ വ്യത്യസ്ഥമായ ഒരു സ്‌ക്രിപ്റ്റുമായാണ് ജനമൈത്രി എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബോസ് താരം സാബുമോന്‍ ആദ്യമായി പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയതും മറ്റൊരു കൗതുകമാണ്. ആട് പോലെയുള്ള മറ്റു വിജയ് ബാബു ചിത്രങ്ങളുടെ കാറ്റഗറിയില്‍ പെടുത്താമെങ്കിലും ജനമൈത്രി എന്ന ചിത്രത്തിന്റെ വിഷയം തന്നെയാണ് അതിന്റെ വ്യത്യസ്ഥത.

ജോണ്‍ മന്ത്രിക്കല്‍ എന്ന സംവിധായകനും വിജയ് ബാബു എന്ന നിര്‍മ്മാതാവും തമ്മിലുള്ള ഒരു സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ അവതരിപ്പിക്കുന്നത്. ഒരു വ്യത്യസ്ഥമായ പരീക്ഷണ ചിത്രം ഒരുങ്ങുന്നതിന്റെ എല്ലാ സൂചനകളും നല്‍കി പ്രേക്ഷകനെ ചിത്രത്തിലേക്ക് ശ്രദ്ധ തിരിപ്പിക്കാന്‍ ഈ ഭാഗം ഏറെ സഹായിച്ചിട്ടുണ്ട്. ചിത്രത്തിലുട നീളം ഈ സംഭാഷണത്തിന്റെ ഒരു ഓളം പ്രേക്ഷകന് അനുഭവപ്പെടു

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന സംയുക്തന്‍ എന്ന ഉത്സാഹിയായ പെറുപ്പക്കാരന്റെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. പിന്നീട് സംയുക്തന്‍ പാറമേട് സ്‌റ്റേഷനിലെ എസ് ഐ ഷിബുവിനും സംഘത്തിനുമൊപ്പം ഒരു രസകരമായ സംഭവത്തില്‍ പെടുന്നതോടെ കഥയുടെ ചുരുളഴിയുകയാണ്. മോശമില്ലാത്ത ആദ്യ പകുതിയിലൂടെ ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നു.

എന്നാല്‍ ചിത്രത്തിന്റെ ഹൃദയ ഭാഗം രണ്ടാം പകുതി തന്നെയാണ്. എല്ലാ കഥാപാത്രങ്ങളുടെയും ഇഴുകിച്ചേരലും രണ്ടാം പകുതിയിലുടനീളം നിറഞ്ഞു നില്‍ക്കുന്ന നൈര്‍മിഷീകമായ ഹാസ്യവും ചിത്രത്തിലേക്ക് പ്രേക്ഷകനെ വീണ്ടും കൊണ്ടുവരുകയാണ്.

ഇന്ദ്രന്‍സ്, വിജയ് ബാബു, ബിഗ് ബോസ് താരം സാബുമോന്‍, സൈജു കുറുപ്പ്, ശ്രുതി ജയന്‍, കലാഭവന്‍ പ്രജോദ്, സൂരജ് പോപ്‌സ് എന്നിവരുടെ വ്യത്യസ്ഥമായ കഥാപാത്രങ്ങളും അവതരണവും മികവുറ്റതായിരുന്നു. ഷാജി എന്ന ഇന്ദ്രന്‍സിന്റെ എസ് ഐ വേഷം തന്നെയാണ് ചിത്രത്തിലെടുത്ത് നിന്നത്.

ജോണ്‍ മന്ത്രിക്കല്‍, ജെയിംസ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ചിത്രത്തിന്റെ തിരക്കഥയും ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റാണ്. സംവിധാനം മോശമില്ല എന്നേ പറയാന്‍ സാധിക്കുകയുള്ളു. ഗാനങ്ങള്‍ കുറവാണെങ്കിലും സംഗീതത്തിന്റെ അഭാവം ചിത്രത്തില്‍ അനുഭവപ്പെട്ടതേയില്ല.

പ്രായഭേദമില്ലാതെ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റിയ ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍റ്റെയ്‌നറാണ് ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ ജനമൈത്രി എന്ന ചിത്രം. ഒപ്പം സമൂഹത്തില്‍ നടക്കുന്ന പല പ്രാധാന്യമുള്ള വിഷയങ്ങളേയും ചിത്രം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വിജയ് ബാബു ചിത്രങ്ങളുടെ ഒരു ഓളവും പ്രേക്ഷകരെ ഏവരെയും നിഷ്‌ക്കളങ്കമായി ചിരിപ്പിക്കുന്ന ഹാസ്യവും തന്നെയാണ് ചിത്രത്തിന്റെ ജീവന്‍.