അമ്പിളി മാനത്തല്ല മനസ്സിലാണ്…!

ഏറെ നിരൂപക പ്രശംസ നേടിയ ഗപ്പി എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് എന്ന സംവിധായകന്റെ രണ്ടാം ചിത്രം അമ്പിളി തിയേറ്ററിലെത്തിയിരിക്കുകയാണ്. ഒരു ദുരന്ത പ്രളയ കാലത്തിന്റെ അതേ സാഹചര്യത്തിലൂടെ കേരളം കടന്നുപോകുമ്പോള്‍ അത് അമ്പിളിയുടെ വരവിനേയും ബാധിച്ചിട്ടുണ്ടെങ്കിലും ഈ പൊന്നമ്പിളിയുടെ പുഞ്ചിരിക്ക് നല്ല തിളക്കമാണ്.

ഒരു കംപ്ലീറ്റ് സൗബിന്‍ ഷാഹിര്‍ ചിത്രമാണ് അമ്പിളി. നമ്മുടെ കാഴ്ച്ചകളില്‍ അമ്പിളിക്ക് ചെറിയ മാനസിക പ്രശന്ങ്ങളൊക്കെയുണ്ട്. എന്നാല്‍ നല്ല തിരിച്ചറിവും ബുദ്ധിയും അതിലുപരി സ്‌നേഹവും നിറഞ്ഞ അമ്പിളി എന്ന ചിത്രം കഴിയുമ്പോഴേക്കും നിങ്ങളുടെ മനസ്സിലേക്ക് ഇറങ്ങിവരും. കാര്‍ഷിക മലയോര മേഖലകളില്‍ നാട്ടുകാര്‍ക്കിടയില്‍ ഒരു കഥാപാത്രംപോലെ കഴിയുന്ന അമ്പിളിയുടെ കരുത്ത് വിദ്യാ സമ്പന്നയും ബാല്യകാല സഖിയുമായ ടീനയുടെ പ്രണയമാണ്. ചുരുങ്ങിയ രംഗങ്ങളിലൂടെ കാണുന്നതെങ്കില്‍പോലും കാഴ്‌ച്ചെവച്ചതിനുമപ്പുറമുള്ള പ്രണയ സങ്കല്‍പ്പങ്ങള്‍ അടയാളപ്പെടുത്താന്‍ ടീനയുടെയും അമ്പിളിയുടെയും കഥാപാത്രങ്ങളിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പുതുമുഖമായിരുന്നിട്ടും അതൊന്നും നിഴലിക്കാതെ ചുരുങ്ങിയ രംഗങ്ങളില്‍ ടീന അമ്പിളിക്ക് കൂട്ടാകുന്നുണ്ട്.

കപട മുഖംമൂടി അണിഞ്ഞവരെല്ലാം തന്നെ മിടുക്കന്‍മാരാകുന്ന കാലത്ത് സ്‌നേഹമുള്ളവര്‍ക്കെല്ലാം ഭ്രാന്താണെന്നും കളിയാക്കുന്ന ലോകത്തെ അമ്പിളി പറഞ്ഞുവെക്കുന്നു. നമ്മുടെ കാഴ്ച്ച വൈകല്ല്യത്തിന്റെ പ്രശ്‌നം മാത്രമേ അമ്പിളിക്കുള്ളു എന്ന് അടയാളപ്പെടുത്താന്‍ തിരക്കഥയ്ക്ക് മാത്രമല്ല സംവിധാന മികവിലും പോരായ്മകളെ മറികടക്കാന്‍ ജോണ്‍പോള്‍ ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.

ഒരു തിരക്കഥാകൃത്തും സംവിധായകനും ഭാവനയാല്‍ വരച്ചിട്ട കഥാപാത്രത്തെ അതിനു മുകളില്‍ എത്തിക്കാന്‍ കഴിയുമ്പോഴാണ് ഒരു നടന്‍ പ്രതിഭയാകുന്നത്. പൂര്‍ണ്ണമായും മാനസ്സിക പ്രശ്‌നങ്ങള്‍ ഉള്ള കഥാപാത്രമല്ല സൗബിന്റെത്. അത് എപ്പോഴും കൈവിട്ട് പോകാന്‍ സാധ്യതയുണ്ട്. ഓവര്‍ ആക്ടിങ്ങിലേക്ക് പോകാതെയും കഥാപാത്രത്തോട് നീതി പുലര്‍ത്താനും കഴിഞ്ഞപ്പോള്‍ അമ്പിളി സൗബിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകുന്നു. ഒരു അഭിനേതാവിനുള്ള പാഠപുസ്തകമായി സൗബിന്റെ കഥാപാത്രം മാറുന്നുണ്ട്. മുഖത്തെ ഭാവങ്ങള്‍, കാലിലെ ചലനം, മെയ്‌കൊണ്ടുള്ള മാനറിസം എന്നിവയുടെയെല്ലാം തുടര്‍ച്ച നടനെന്ന രീതിയില്‍ സിനിമയിലുടനീളം കാത്തുസൂക്ഷിച്ചതും എടുത്തുപറയാതിരിക്കാനാവില്ല.

നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം മികച്ച കാസ്റ്റിംഗുകളിലൊന്നായിരുന്നു. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവന്‍ അമ്പിളിയും ബോബികുട്ടനുമൊന്നിച്ചുള്ള യാത്രയാണ്. നമ്മള്‍ എവിടെയൊക്കെ എത്തിനിന്നാലും ഇടയ്‌ക്കൊന്ന് തിരിച്ച് യാത്ര ചെയ്യണമെന്ന് അമ്പിളി ഓര്‍മ്മിപ്പിക്കുന്നു. ഓരോ യാത്രയും കൊച്ചുകുഞ്ഞുങ്ങളെപ്പോലെ നമ്മളെ നിഷ്‌ക്കളങ്കരിക്കും നവീകരിക്കും നിര്‍മ്മലമാക്കുമെന്ന ഉറപ്പ് അമ്പിളി കാണിച്ച് തരുന്നു. ശരണ്‍ വേലായുധന്റെ ഛായാഗ്രഹണം, കിരണ്‍ ദാസിന്റെ ചിത്രസംയോജനം, വിഷ്ണു വിജയിന്റെ സംഗീതം, വിനായക് ശശികുമാറിന്റെ വരികള്‍ എന്നിവയെല്ലാം അമ്പിളിയെ വരച്ചിട്ടപ്പോലെ ചേര്‍ന്ന് നില്‍ക്കുന്നു.

സ്‌നേഹമാകുന്ന അമ്പിളി വെട്ടത്തിന്റെ ആകാശത്തിന് കീഴിലാണെന്നറിയാതെ നമ്മളിപ്പോഴും തിരയുകയാണ്. എത്രമേല്‍ സരസമാണ് ലക്ഷ്യങ്ങള്‍. അത്രമേല്‍ കഠിനമാണ് പാതകള്‍. ഭൂമിയാണ് സ്വര്‍ഗ്ഗം. ഈ നിമിഷമാണ് പറുദീസ. അമ്പിളി മുന്നോട്ട് മുന്നോട്ട്..