ടിക്കറ്റ് കിട്ടിയില്ല; ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിക്കാന്‍ ആരാധകന്റെ ശ്രമം

അജിത്ത് മുഖ്യ കഥാപാത്രമാകുന്ന നേര്‍കൊണ്ട പാര്‍വൈയ്ക്ക് ടിക്കറ്റ് ലഭിക്കാത്ത ആരാധകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ചെന്നൈയിലാണ് സംഭവം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നടനും തെന്നിന്ത്യന്‍ താരങ്ങളായ ഭാഗ്യരാജിന്റെയും പൂര്‍ണിമ ഭാഗ്യരാജിന്റെയും മകനും നടനുമായ ശന്തനു ഭാഗ്യരാജാണ സംഭവം ട്വീറ്റ് ചെയ്ത്.

ചെന്നൈ റോയപ്പേട്ടയിലെ സത്യം സിനിമാസിലാണ് താനിപ്പോള്‍ ഉള്ളതെന്നും അവിടെ തൊട്ടടുത്തു നില്‍ക്കുന്നയാള്‍ ദേഹത്താകെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ തീപ്പെട്ടി അന്വേഷിക്കുകയാണെന്നും ശന്തനു ട്വീറ്റ് ചെയ്തു. അജിത്ത് ചിത്രം നേര്‍കൊണ്ട പാര്‍വൈ കാണാനെത്തിയതാണ് അയാള്‍. ടിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ച വിഷയത്തില്‍ തീയേറ്റര്‍ അധികൃതരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് ജീവന്‍ കളയാനുള്ള ശ്രമം നടത്തിയത്. അജിത്ത് മാത്രമല്ല, ഒരു താരവും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും കേവലം ഒരു സിനിമാ ടിക്കറ്റിനെക്കാള്‍ വലുത് ജീവനാണെന്നും ശന്തനു ട്വീറ്റ് ചെയ്യുന്നു. ദേഹത്ത് തീ കൊളുത്താന്‍ ശ്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നു ട്വീറ്റില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ദുഷ്പ്രചരണങ്ങളോ ട്രോളുകളോ അരുതെന്നും ഇക്കാര്യം പൊതുജനശ്രദ്ധയിലേക്കെത്തിക്കാന്‍ വേണ്ടിയാണ് താന്‍ ട്വീറ്റ് ചെയ്തതെന്നും ശന്തനു പറയുന്നു.