ചെതലിമലയുടെ അടിവാരത്ത് നിന്നും അള്ളാപ്പിച്ച മൊല്ലാക്ക

മലയാള നോവലുകളുടെ കാലത്തെ തന്നെ രണ്ടായിപ്പിളര്‍ത്തിയ ഖസാക്കിന്റെ ഇതിഹാസമാണ് കഥയാട്ടത്തിന്റെ എട്ടാം അങ്കം. ഒ.വി. വിജയന്റെ നോവലിലെ കഥാപാത്രമായ അള്ളാപ്പിച്ച മൊല്ലാക്കയായാണ് മോഹന്‍ലാല്‍ എത്തിയത്. 2003ല്‍ ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത കഥയാട്ടത്തിന്റെ വീഡിയോയാണ് ഓണ്‍ലൈനിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. പത്ത് കഥാപാത്രങ്ങളില്‍ ഇനി രണ്ട് കഥാപാത്രങ്ങളാണ് ശേഷിക്കുന്നത്. മോഹന്‍ലാലിന്റെ കുറിപ്പും വീഡിയോയും താഴെ…

കരിമ്പനപ്പട്ടകളില്‍ ചുറ്റിത്തിരിഞ്ഞ കാറ്റു പറഞ്ഞ കഥ കൊണ്ട് മലയാളനോവലിന്റെ കാലത്തെ രണ്ടായിപ്പിളര്‍ത്തിയ ഖസാക്കിന്റെ ഇതിഹാസമാണ് കഥയാട്ടത്തിന്റെഎട്ടാം അങ്കം. ഒ.വി. വിജയന്റെ നോവലിലെ പ്രധാനകഥാപാത്രമായി അറിയപ്പെട്ടത് അരുതായ്മകളുടെ പാപഭാരം ചുമക്കുന്ന രവിയാണ്. എന്നാല്‍ രവിയിലൂടെയല്ല കഥയാട്ടം ഖസാക്കിനെ തേടുന്നത്. ഖസാക്കിന്റെ മിത്തുകളുടെ സൂക്ഷിപ്പുകാരനും പുരോഹിതനുമായ അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെയാണത്.

ഖസാക്കിന് പുരോഹിതനും പിതാവുമാണ് അള്ളാപ്പിച്ചാ മൊല്ലാക്ക. ഓത്തുപള്ളിയിലിരുന്ന് കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന മൊല്ലാക്ക മുതിര്‍ന്നവര്‍ക്കായി പഞ്ചായത്ത് വിളിച്ചു കൂട്ടും. രണ്ടുകെട്ടിയ മൊല്ലാക്കയുടെ മകളാണ് മൈമുന. മൈമുനക്ക് പതിനാറെത്തിയ പ്രായത്തിലാണ് അതേപ്രായക്കാരനായ നൈജാമലിയെ ചെതലിമലയുടെ അടിവാരത്തുവച്ച് മൊല്ലാക്ക കണ്ടുമുട്ടുന്നത്. അവനെ മൊല്ലാക്ക കൂടെ കൂട്ടി. അവന്‍ പിന്നാലെ നടന്നു. മോഹിതനായ മൊല്ലാക്കയില്‍ നിന്ന് വിട്ടകന്നുപോയി നൈജാമലി പിന്നീട്. അവന്‍ നടന്നകന്നു.