
തിരുവിതാംകൂർ രാജാക്കന്മാർക്ക് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അഖിൽമാരാർ. മിഷണറിമാരുടെയും പഴയകാല രാജാക്കന്മാരുടെയും ദീർഘവീക്ഷണത്തെ പ്രകീർത്തിച്ച അദ്ദേഹം, മാർത്താണ്ഡ വർമ്മയുടെയോ സ്വാതി തിരുനാളിന്റെയോ കാലത്ത് ഐൻസ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാർ ഇവിടെ ഉണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടത്. കേരളം എങ്ങനെ ‘നമ്പർ വൺ’ ആയി എന്ന് വിശദീകരിക്കവെയായിരുന്നു അഖിലിന്റെ വിവാദ പരാമർശം. എന്നാൽ ഈ പ്രസ്താവനയിലെ കാലഗണനയിലെ പിശകുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് ഉയരുന്നത്.
“ചരിത്രരേഖകൾ പ്രകാരം അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ 1758-ലും സ്വാതി തിരുനാൾ 1846-ലുമാണ് അന്തരിച്ചത്. എന്നാൽ ആൽബർട്ട് ഐൻസ്റ്റീൻ ജനിച്ചത് തന്നെ 1879-ൽ മാത്രമാണ്. അതായത്, അഖിൽ മാരാർ പരാമർശിച്ച രാജാക്കന്മാർ അന്തരിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഐൻസ്റ്റീൻ ജനിക്കുന്നത്. ഇല്ലാത്ത കാലഘട്ടത്തിൽ ഇവർ എങ്ങനെ പരസ്പരം ബന്ധപ്പെട്ടു എന്നതാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം.”
“കേരളം എങ്ങനാ നമ്പർ വൺ ആയത്? ഇവന്മാർ ആരോടെങ്കിലും ഒന്ന് പറ ഒന്ന് പറഞ്ഞുതരാന്‍. ഇത് 1847 ൽ സിഎംഎസ് കോളെജ് കേരളത്തിൽ സ്ഥാപിച്ച കാലം മുതൽ, ക്രിസ്ത്യൻ മിഷണറിമാർ ഇവിടെ വന്ന കാലം മുതൽ, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്തകൾ മുതൽ നമ്മൾ ഭയങ്കര അപ്ഡേറ്റഡ് ആയിരുന്നു. ഈ അപ്ഡേറ്റഡ് ആയിട്ടുള്ള രാജാക്കന്മാരുടെയും അവര്‍ക്ക് ഒപ്പം സഞ്ചരിച്ച അറിവുള്ള ബ്രാഹ്മണരുടെയും ചിന്ത മുന്നോട്ട് കൊണ്ടുവന്ന് എക്സിക്യൂട്ട് ചെയ്ത് എടുത്തതിന്‍റെ ഫലമായി കേരളം ആദ്യമേ തന്നെ പല കാര്യങ്ങളിലും അപ്ഡേറ്റഡ് ആയിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണോ സ്വാതി തിരുനാളിന്റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്.” അഖിൽ മാരാറിന്റെ വാക്കുകൾ.
അതേസമയം, തിരുവിതാംകൂർ രാജകുടുംബത്തിന് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട ഒരു ചരിത്രമുണ്ട് എന്നത് വസ്തുതയാണെങ്കിലും അത് അഖിൽ മാരാർ പറഞ്ഞ രാജാക്കന്മാരുടെ കാലത്തായിരുന്നില്ല.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ഐൻസ്റ്റീനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. 1937-ൽ തിരുവിതാംകൂർ സർവ്വകലാശാല (ഇന്നത്തെ കേരള സർവ്വകലാശാല) സ്ഥാപിതമായപ്പോൾ, അതിന്റെ ആദ്യ വൈസ് ചാൻസലറാകാൻ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഐൻസ്റ്റീന് ക്ഷണമയച്ചിരുന്നു. പ്രതിമാസം 6000 രൂപ ശമ്പളത്തിലായിരുന്നു ക്ഷണം. എന്നാൽ ആ സമയത്ത് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ ചേരാൻ തീരുമാനിച്ചിരുന്നതിനാൽ ഐൻസ്റ്റീൻ ഈ ക്ഷണം സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു. ഈ ചരിത്രപരമായ സംഭവത്തെ അഖിൽ മാരാർ തെറ്റായ രാജാക്കന്മാരുടെ പേരുകളുമായി ബന്ധിപ്പിച്ചു എന്നതാണ് പുതിയ വിവാദത്തിന് ആധാരം.