‘അജഗജാന്തരം’ ; നായകന്‍ ആന്റണി വര്‍ഗ്ഗീസ്

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസ് നായകനാകുന്നു. അജഗജാന്തരം എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടന്‍ കിച്ചു ടെല്ലസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തു കടന്നു വന്ന നടനും അസ്സോസിയേറ്റ് ഡയറക്ടറുമായ വിനീതാണ് സംഭാഷണം.

ചെമ്പന്‍ വിനോദ്, സാബുമോന്‍, അര്‍ജുന്‍ അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗ്ഗീസ്, ലുക്ക് മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്. രംഗനാഥ് രവിയാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയാണ്. സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് തിയേറ്ററില്‍ എത്തിക്കും.