‘ഞാൻ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു …ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. ഞാൻ മുഖ്യമന്ത്രിയെ ഇഷ്ട്ടപ്പെടുന്നു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് ആഭിമുഖ്യം ഇല്ല. എന്നാൽ വിസ്മയിപ്പിക്കുന്ന വിധമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും, ജനങ്ങൾക്കിടയിൽ ഒരു പ്രതീക്ഷ നൽകുവാൻ ഈ പ്രവർത്തനം സഹായിക്കും- വളരെ നന്ദി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ഇത് പങ്കുവെച്ചത്.

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു കോടി ഡോസ് വാക്‌സിൻ പൊതു വിപണിയിൽ നിന്നും വാങ്ങാനാണ് മന്ത്രിസഭാ യോഗ തീരുമാനം. മെയ് ജൂൺ ജൂലൈ മാസങ്ങളിലായി 70 ലക്ഷം ഡോസ് കോവീഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങും. 483 കോടിയാണ് ഇതിന്റെ ചിലവ്. രണ്ടാമതത്തെ ഡോസിനാണ് മുൻഗണന. തടസ്സങ്ങളില്ലാതെ വാക്സിനേഷൻ മുന്നോട്ടു പോകുമെന്ന് പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും. വാക്‌സിന്റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നത്. വാക്‌സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കും.”