
മുൻ പ്രണയബന്ധത്തിൽ താൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ പ്രണയബന്ധം തകർന്ന ശേഷമാണ് താൻ ഈ സത്യം തിരിച്ചറിഞ്ഞതെന്നും ഐശ്വര്യ വ്യക്തമാക്കി.
ഏറെ വിശ്വസിച്ച വ്യക്തിയായതിനാലും എളുപ്പത്തിൽ ആർക്കും പറ്റിക്കാൻ കഴിയാത്ത ആളാണ് താനെന്ന് കരുതുന്നതിനാലും ഈ വഞ്ചന തുടക്കത്തിൽ ഏറെ വേദനിപ്പിച്ചതായി ഐശ്വര്യ പറഞ്ഞു. എന്നാൽ ബ്രേക്കപ്പിന് ശേഷമാണ് വിവരമറിഞ്ഞതെന്നതിനാൽ കാര്യമായി ബാധിച്ചില്ലെന്നും രണ്ടുദിവസത്തെ വിഷമത്തിന് ശേഷം അത് വിട്ടുകളഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. വഞ്ചിച്ച വ്യക്തിക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുമായി പിന്നീട് താൻ സൗഹൃദത്തിലായെന്നും അതിൽ ആ പെൺകുട്ടിയുടെ ഭാഗത്ത് തെറ്റില്ലാത്തതിനാൽ അവളോട് യാതൊരു വിരോധവും തോന്നിയില്ലെന്നും താരം വെളിപ്പെടുത്തി.
ഉർവശി, ജോജു ജോർജ്, വിജയരാഘവൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലെത്തുന്ന ‘ആശ’യാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഉർവശിയുടെ മകളുടെ വേഷത്തിലാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം ട്രെയിലർ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 11-നാണ് തിയേറ്ററുകളിലെത്തുന്നത്.
ഐശ്വര്യയുടെ വാക്കുകൾ;
”ഉണ്ട്. ഒരു പുരുഷനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് ചതിക്കാന്‍ പറ്റുന്ന ആളല്ല ഞാന്‍. അതിനാലാണ് ഇത്രത്തോളം വേദനിപ്പിക്കുന്നത്. കാരണം ആ വ്യക്തിയെ ഞാന്‍ വിശ്വസിച്ചിരുന്നു. ഇത്രയും ബുദ്ധിയുപയോഗിച്ച്, ചിന്തിച്ച് കണ്ടുപിടിച്ചിട്ട്, പെട്ടല്ലോ എന്നൊരിത്. പിന്നെ ഞാനത് പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. പ്രണയ ബന്ധത്തിലായിരിക്കുമ്പോഴല്ല ഞാന്‍ അതേക്കുറിച്ച് അറിയുന്നത്. പിന്നീടാണ് ഞാനത് കേള്‍ക്കുന്നത്. ബ്രേക്കപ്പ് കഴിഞ്ഞിട്ടാണ് ഞാന്‍ അറിയുന്നത്.
രസകരമായ വസ്തുത എന്തെന്നാല്‍ ആ പെണ്‍കുട്ടിയുമായി ഞാന്‍ സൗഹൃദത്തിലായി എന്നതാണ്. എനിക്ക് അവളെ ഇഷ്ടമായതിനാല്‍ എക്‌സ്പ്രസ് ചെയ്യാനും പറ്റിയില്ല. അത് അവളുടെ തെറ്റുമല്ല. സത്യത്തില്‍, എന്നെ അധികം ബാധിച്ചതുമില്ല. ഇപ്പോഴല്ലേ അറിയുന്നത്, അതിന്റെ ഇടയിലല്ലല്ലോ. അതിനാല്‍ ഓക്കെ, കൂള്‍ എന്നായിരുന്നു. രണ്ട് ദിവസം മനസിലുണ്ടായിരുന്നു. പിന്നെ ഞാനത് വിട്ടു. അത്രയേയുള്ളൂ.”